2025 ലെ സെൻട്രൽ മോട്ടോർ വെഹിക്കിൾസ് (മൂന്നാം ഭേദഗതി) നിയമങ്ങൾ അന്തിമമാക്കി റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം (MoRTH) ഒരു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇത് വിവിധ വിഭാഗങ്ങളിലെ രജിസ്‍ട്രേഷൻ പുതുക്കൽ ഫീസ് ഇരട്ടിയാക്കുന്നു. പുതിയ നിയമങ്ങൾ പ്രകാരം, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ പുതുക്കുന്നതിനുള്ള ചെലവ് കുത്തനെ വർദ്ധിച്ചു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും എന്നാൽ 20 വർഷത്തിൽ താഴെ പഴക്കമുള്ളതുമായ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള നിരക്കുകളിൽ മാറ്റമില്ല.ബിഎസ്-II മലിനീകരണ മാനദണ്ഡങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുമ്പ് നിർമ്മിച്ച വാഹനങ്ങൾ സൂക്ഷിക്കുന്നതിൽ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുക എന്നതാണ് കേന്ദ്ര സർക്കാരിന്‍റെ ഈ നീക്കത്തിന്റെ ലക്ഷ്യം.
പുതിയ നിരക്കുകൾ അനുസരിച്ച് 20 വർഷത്തിനു മേൽ പഴക്കമുള്ള മോട്ടോർസൈക്കിളുകളുടെ രജിസ്ട്രേഷൻ പുതുക്കുന്നതിന് 1,000 രൂപയിൽ നിന്നും 2,000 രൂപ ഇനി നൽകണം. ത്രീ വീലർ/ക്വാഡ്രിസൈക്കിൾ 5,000 രൂപയാകും. നേരത്തെ 3,500 രൂപ ആയിരുന്നു ഇത്. ലൈറ്റ് മോട്ടോർ വെഹിക്കിൾ 5000 രൂപയിൽ നിന്നും 10,000 രൂപയായി ഉയരും. ഇറക്കുമതി ചെയ്ത ഇരുചക്ര വാഹനങ്ങൾ അല്ലെങ്കിൽ മുച്ചക്ര വാഹനങ്ങൾക്ക് 10000 രൂപയിൽ നിന്നും 20,000 രൂപയായി ഉയർന്നു. ഇറക്കുമതി ചെയ്ത നാലുചക്ര വാഹനങ്ങൾക്ക് 40,000 രൂപയിൽ നിന്നും 80,000 രൂപയായി നിരക്ക് കുത്തനെ കൂടി. മറ്റു വാഹനങ്ങൾക്ക് 12,000 രൂപയാണ് ഫീസ്. ഈ പുതുക്കിയ ഫീസിൽ ചരക്ക് സേവന നികുതി (ജിഎസ്‍ടി) ഉൾപ്പെടുന്നില്ല എന്നതും ശ്രദ്ധിക്കണം.
രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസുകൾ കുത്തനെ കൂട്ടിയ നടപടി കേന്ദ്ര സർക്കാരിന്‍റെ വിശാലമായ വാഹന സ്ക്രാപ്പേജ് നയവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ നയം അനുസരിച്ച് കാലഹരണപ്പെടുന്ന വാഹനങ്ങൾക്ക് പകരം ആധുനിക സുരക്ഷാ, മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കുന്ന പുതിയ മോഡലുകൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ഡൽഹി-എൻസിആറിൽ 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള പെട്രോൾ വാഹനങ്ങളുടെയും 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഡീസൽ വാഹനങ്ങളുടെയും ഉടമകൾക്കെതിരെ നിർബന്ധിത നടപടി സ്വീകരിക്കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടതിന് ഏതാനും ദിവസങ്ങൾക്ക് ശേഷമാണ് ഈ പരിഷ്‍കരണം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തലസ്ഥാന മേഖലയിൽ പഴക്കമേറിയ വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ 2014 മുതൽ നിലവിലുണ്ട്.