Fincat

സപ്ലൈകോ ഓണചന്തകള്‍ക്ക് തുടക്കമായി

ഓണ വിപണിയില്‍ ആശ്വാസമായി സപ്ലൈകോയുടെ ഓണംമേളയ്ക്കും സഞ്ചരിക്കുന്ന ഓണചന്തകള്‍ക്കും ജില്ലയില്‍ തുടക്കമായി. മലപ്പുറം – പെരിന്തല്‍മണ്ണ റോഡില്‍ ഡാലിയ കേപീസ് അവന്യൂവിലാണ് വിലക്കുറവിന്റെ ചന്ത നടക്കുന്നത്. മേളയുടെ ഉദ്ഘാടനവും സഞ്ചരിക്കുന്ന ഓണച്ചന്തയുടെ ഫ്ലാഗ് ഓഫും പി. ഉബൈദുള്ള എംഎല്‍എ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്സന്‍ മുജീബ് കാടേരി ആദ്യ വില്‍പ്പന നിര്‍വഹിച്ചു. കൗണ്‍സിലര്‍മാരായ സി.പി. ആയിഷാബി, സി. സുരേഷ്, സി.എച്ച്. നൗഷാദ്, സപ്ലൈകോ മേഖലാ മാനേജര്‍ ജി. സുമ, ജില്ലാ സപ്ലൈ ഓഫീസര്‍ എ. സജാദ്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.പി. രാമനാഥന്‍, എന്‍.പി. മോഹന്‍രാജ്, അക്ബര്‍ മീനായി എന്നിവര്‍ സംസാരിച്ചു.

13 ഇനം സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ നിത്യോപയോഗ സാധനങ്ങളും വിലക്കുറവിലും ഓഫറിലും ചന്തയില്‍ ലഭിക്കും. 18 ഇനങ്ങള്‍ അടങ്ങിയ 1225 രൂപയുടെ സമൃദ്ധി ഓണക്കിറ്റ് 1000 രൂപയ്ക്കും 10 ഇനങ്ങള്‍ അടങ്ങിയ 625 രൂപയുടെ മിനിസമൃദ്ധി ഓണ കിറ്റ് 500 രൂപയ്ക്കും ഒമ്പത് ഇനങ്ങള്‍ അടങ്ങിയ 305 രൂപയുടെ ശബരി സിഗ്‌നേചര്‍ കിറ്റ് 229 രൂപയ്ക്കും മേളയില്‍ ലഭിക്കും. 500, 1000 രൂപയുടെ ഗിഫ്റ്റ് കാര്‍ഡുകളും മേളയിലുണ്ട്. സപ്ലൈകോയുടെ വില്‍പനശാലകളില്‍ നിന്ന് ഉപഭോക്താവിന് ആവശ്യമുള്ള നിത്യോപയോഗ സാധനങ്ങള്‍ ഒക്ടോബര്‍ 31 വരെ വാങ്ങാം.

അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിലെ ഗോള്‍ഡ് തേയില, കടുക്, ഉലുവ, ജീരകം, മഞ്ഞള്‍പൊടി, മല്ലിപ്പൊടി, പുട്ടുപൊടി, പായസം മിക്സ്, മില്‍മ നെയ്യ്, കിച്ചന്‍ ട്രഷേഴ്സ് സാമ്പാര്‍ പൊടി, ആശീര്‍വാദ് ആട്ട, ശര്‍ക്കര പൊടി, കിച്ചന്‍ ട്രഷേഴ്സ് മാങ്ങ അച്ചാര്‍, കടല എന്നിവയാണ് സമൃദ്ധി 18 ഇന കിറ്റിലെ ഉത്പന്നങ്ങള്‍. അരി, പഞ്ചസാര, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, ശബരി ബ്രാന്‍ഡിലെ കടുക്, മഞ്ഞള്‍പ്പൊടി, പായസം മിക്സ്, മില്‍മ നെയ്യ്, കിച്ചന്‍ ട്രഷേഴ്സ് സാമ്പാര്‍ പൊടി, ശര്‍ക്കര പൊടി എന്നിവയാണ് സമൃദ്ധി മിനി കിറ്റിലെ ഉത്പന്നങ്ങള്‍ ശബരി ബ്രാന്‍ഡിലെ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, സാമ്പാര്‍ പൊടി, രസം പൊടി, ഉലുവ, കടുക്, പാലട/ സേമിയ പായസം മിക്സ്, പുട്ടുപൊടി എന്നിവയാണ് ശബരി സിഗ്നേച്ചര്‍ കിറ്റിലെ ഉത്പന്നങ്ങള്‍. ഓണക്കാലത്ത് സപ്ലൈകോ വില്‍പന ശാലകളില്‍ 32 പ്രമുഖ ബ്രാന്‍ഡുകളുടെ 288 നിത്യോപയോഗ ഉത്പന്നങ്ങള്‍ക്ക് പ്രത്യേക ഓഫറുകളോ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവോ ലഭിക്കും. സോപ്പ്, ഡിറ്റര്‍ജന്റുകള്‍, ബ്രാന്‍ഡഡ് ഭക്ഷ്യ-ഭക്ഷ്യേതര ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് മേളയില്‍ കിഴിവുണ്ട്. സപ്ലൈകോയില്‍ നിന്ന് ഓണക്കാലത്ത് ആയിരം രൂപയിലധികം സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കായി നറുക്കെടുപ്പും നടത്തുന്നുണ്ട്. ഒരു പവന്‍ സ്വര്‍ണനാണയമടക്കം വിവിധ സമ്മാനങ്ങളാണ് വിജയികള്‍ക്ക് ലഭിക്കുക. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ആകര്‍ഷകമായ മറ്റു സമ്മാനങ്ങളും നല്‍കും.