Fincat

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പ്രചരിപ്പിച്ചു

പോക്സോ കേസിൽ ബിരുദ വിദ്യാർത്ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ തൃക്കുന്നപ്പുഴയിലാണ് സംഭവം. കാർത്തികപ്പള്ളി മഹാദേവികാട് കൈലാസം വീട്ടിൽ കാളിദാസിനെയാണ് തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്‌തത്. കളമശ്ശേരിയിലെ സ്വകാര്യ കോളേജിൽ ബിരുദ വിദ്യാർത്ഥിയാണ് പ്രതി. ഇയാളെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കി. കോടതി പ്രതിയെ പതിനാല് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതി വീട്ടിൽ അതിക്രമിച്ച് പീഡിപ്പിച്ചെന്നതാണ് പ്രധാന ആരോപണം. 17 വയസുകാരിയെയാണ് പ്രതി പീഡിപ്പിച്ചത്. കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതി ഇതിൻ്റെ വീഡിയോ ദൃശ്യങ്ങൾ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് പ്രതി ഇത് സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതായും വ്യക്തമായി. ഇതിൻ്റെയെല്ലാം അടിസ്ഥാനത്തിലാണ് പോക്സോ നിയമപ്രകാരം ഇയാളെ കസ്റ്റഡിയിലെടുത്തത്.

തൃക്കുന്നപ്പുഴ പൊലീസ് ഇൻസ്പെക്‌ടർ ലാൽ സി ബേബിയുടെ നേതൃത്വത്തിലാണ് കേസിലെ നടപടികൾ മുന്നോട്ട് കൊണ്ടുപോയത്. ഇദ്ദേഹത്തിൻ്റെ നിർദേശപ്രകാരം തൃക്കുന്നപ്പുഴ പൊലീസ് സബ് ഇൻസ്പെക്‌ടർ സോമരാജൻ, എ.എസ്.ഐ നവാസ്, എസ്.സി.പി.ഒ മാരായ സാജിദ്, പ്രനു, അനീഷ് കുമാർ എന്നിവരടങ്ങുന്ന സംഘം പ്രതി പഠിക്കുന്ന കളമശേരിയിലെത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്.