Fincat

മോഷണക്കേസിൽ ജയിലിലായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

മോഷണക്കേസിൽ പ്രതിയായ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. പയ്യാവൂർ വാതിൽമടത്തെ പി പ്രശാന്ത് (39), ഉളിക്കൽ അറബിയിലെ ടി എസ് നിതിൻ കുമാർ എന്നിവരെയാണ് പേരാവൂർ ഡിവൈഎസ്പി എൻ പി ആസാദിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
യുവതിയെ 2018ലായിരുന്നു പ്രതികള്‍ ആദ്യം പീഡിപ്പിച്ചത്. ഇപ്പോൾ വീണ്ടും പ്രതികൾ പീഡിപ്പിക്കാൻ ശ്രമിച്ചതോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. കണ്ണൂർ, ഗുണ്ടൽപേട്ട്, കോഴിക്കോട് എന്നിവിടങ്ങളിലെ വാടക വീടുകളിലും ലോഡ്ജുകളിലും കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
ചെറുപുഴ സ്വദേശിയായ പരാതിക്കാരി നേരത്തെ കാമുകനൊപ്പം ഒളിച്ചോടിപ്പോയിരുന്നു. തുടർന്ന് പൊലീസ് പിടികൂടുകയായിരുന്നു. ധ്യാനകേന്ദ്രത്തിൽ പ്രവേശിപ്പിച്ച യുവതി അവിടെയെത്തിയ മോഷണക്കേസ് പ്രതിയുമായി ഇഷ്ടത്തിലാകുകയും ഇയാളെ വിവാഹം കഴിക്കുകയുമായിരുന്നു. ഇയാൾ പിന്നീട് ജയിലിലായി. ഇയാൾക്കൊപ്പം ജയിലുണ്ടായിരുന്ന പ്രശാന്തും നിതിനും പുറത്തിറങ്ങിയപ്പോൾ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.