ക്ഷീണമകറ്റാൻ കരിക്കിൻ വെള്ളത്തോളം മികച്ച മറ്റൊന്നുമില്ലെന്ന് തന്നെ പറയാം. കലോറി കുറഞ്ഞ പാനീയമായതിനാൽ തേങ്ങാവെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് പലരും കരുതുന്നു. യഥാർത്ഥത്തിൽ കരിക്കിൻവെള്ളം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ? ഇതിനെ കുറിച്ച് ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരുന്നു.
കരിക്കിൻ വെള്ളം അവശ്യ പോഷകങ്ങൾ നിറഞ്ഞ ഒരു പ്രകൃതിദത്ത പാനീയമാണ്. ഈ പാനീയം ശരീരത്തിലെ ജലാംശം വർദ്ധിപ്പിക്കാൻ സഹായിക്കും. കരിക്കിൻ വെള്ളം അല്പം മധുരമുള്ള രുചിയുള്ള കുറഞ്ഞ കലോറി പാനീയമാണെങ്കിലും ഇത് ഇലക്ട്രോലൈറ്റുകളുടെ, പ്രത്യേകിച്ച് പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം എന്നിവ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ ചെറിയ അളവിൽ കാർബോഹൈഡ്രേറ്റുകൾ, നാരുകൾ, വിറ്റാമിൻ സി, നിരവധി ബി വിറ്റാമിനുകൾ തുടങ്ങിയ വിവിധ വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്.
ശരീരഭാരം കുറയ്ക്കുന്ന കാര്യത്തിൽ കരിക്കിൻ വെള്ളം ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ ഉപയോഗപ്രദമായ ഒരു ഘടകമാണ്. കുറഞ്ഞ കലോറിയുള്ള പാനീയമായതിനാൽ പഞ്ചസാര അടങ്ങിയ സോഡകൾ അല്ലെങ്കിൽ ജ്യൂസുകൾ പോലുള്ളവ കുടിക്കുന്നതിന് പകരം കരിക്കിൻ വെള്ളം കുടിക്കാവുന്നതാണ്. കൂടാതെ, ഇതിന്റെ ജലാംശം നൽകുന്ന ഗുണങ്ങളും നാരുകളും വിശപ്പ് നിയന്ത്രിക്കാനും അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനും സഹായിച്ചേക്കാം.
അതിനാൽ, സമീകൃതാഹാരത്തിന്റെയും ആരോഗ്യകരമായ ജീവിതശൈലിയുടെയും ഭാഗമായി കരിക്കിൻ വെള്ളം പരിഗണിക്കേണ്ടത് അത്യാവശ്യമാണ്. കരിക്കിൻ വെള്ളം രക്തസമ്മർദ്ദം കുറയ്ക്കാനും വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നത് തടയാനും സഹായിക്കും. കരിക്കിൻ വെള്ളത്തിലെ ഉയർന്ന ഇലക്ട്രോലൈറ്റ് ഉള്ളടക്കം വ്യായാമത്തിന് ശേഷമോ ചൂടുള്ള കാലാവസ്ഥയിലോ പ്രത്യേകിച്ചും ഗുണം ചെയ്യും. കാരണം, പൊട്ടാസ്യം ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിലനിർത്താനും ആരോഗ്യകരമായ രക്തസമ്മർദ്ദ നില നിലനിർത്താനും സഹായിക്കുന്നു.
മാത്രമല്ല, കരിക്കിൻ വെള്ളത്തിന് ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെയും വീക്കത്തെയും ചെറുക്കാൻ സഹായിക്കും. കരിക്കിൻ വെള്ളം കുടിക്കുന്നത് ദഹനത്തെ സഹായിക്കുകയും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും.