Fincat

ക്ഷേത്ര തന്ത്രിക്കും മരുമകനുമെതിരായ പീഡന പരാതി: ബെലന്തൂര്‍ പൊലീസ് ചോദിച്ചത് 2 കോടി, ഒടുവില്‍ പരാതിക്കാര്‍ തന്നെ പിടിയില്‍, പിന്നില്‍ സഹോദരന്റെ മകൻ!


തൃശ്ശൂർ: പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകൻ ടി.എ.അരുണിനും എതിരായ പീഡന പരാതിക്ക് പിന്നില്‍ ഹണി ട്രാപ്പ്.വ്യാജ പരാതി എന്ന് വ്യക്തമായതോടെ തന്ത്രിയുടെ സഹോദരന്റെ മകൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബാനസവാടി പൊലീസ് കേസെടുത്തു. സംഭവത്തില്‍ അഞ്ചുപേ‍ർ അറസ്റ്റിലായിട്ടുണ്ട്. പ്രവീണിനെ പിടികൂടാൻ കർണാടക പൊലീസ് ഉടൻ നാട്ടിലേക്ക് തിരിക്കും.

പൂജയുടെ പേരില്‍ വിഡിയോ കോള്‍ വഴി നഗ്നത പ്രദർശിപ്പിക്കാൻ നിർബന്ധിതയാക്കി എന്നും പിന്നീട് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നമുള്ള ബെംഗളൂരു സ്വദേശിനിയുടെ പരാതിയാണ് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്. പരാതി അന്വേഷിച്ച ബാനസവാടി പൊലീസ് കോടികളുടെ പണമിടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നുവെന്ന് കണ്ടെത്തി. തുടർന്നുള്ള ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതോടെ അഞ്ചുപേരെ ബാനസവാടി പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിലെ മസാജ് പാർല‍ർ ജീവനക്കാരി രത്ന, ഇവരുടെ സഹായി മോണിക്ക, പാലക്കാട് സ്വദേശി ശരത് മേനോൻ, സഹായി സജിത്ത്, ആലം എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ തന്ത്രി ഉണ്ണി ദാമോദരന്റെ സഹോദര പുത്രൻ കെവി പ്രവീണിനെ പൊലീസ് ഒന്നാം പ്രതിയാക്കിയിട്ടുണ്ട്. തൃശ്ശൂർ‍ സ്വദേശിയായ പ്രവീണിനെ കസ്റ്റഡിയിലെടുക്കാൻ അന്വേഷണ സംഘം കേരളത്തിലേക്ക് തിരിക്കും.

പെരിങ്ങോട്ടുകരയില്‍ ദേവസ്ഥാനത്തിന് സമീപത്തെ മുറിയില്‍ വച്ച്‌ അരുണ്‍ ബലാത്സംഗം ചെയ്തെന്ന് കാട്ടി രത്നയാണ് ബെംഗളൂരു പൊലീസിനെ സമീപിച്ചത്. പിന്നാലെ അരുണിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ നിന്നൊഴിവാക്കാൻ രണ്ടുകോടി രൂപ കേസെടുത്ത ബെലന്തൂർ പൊലീസ് ആവശ്യപ്പെട്ടതോടെ തന്ത്രിയുടെ കുടുംബം കർണാടക ആഭ്യന്തര മന്ത്രി ജി.പരിമേശ്വരയ്ക്ക് പരാതി നല്‍കുകയായിരുന്നു. ഇതോടെ അന്വേഷണം ബാനസവാടി എസിപിക്ക് കൈമാറിയത് വഴിത്തിരിവായി.

അരുണിന് ജാമ്യം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പരാതിക്കാർ തന്നെ കുടുങ്ങിയത്. ഹണി ട്രാപ്പില്‍ കുടുക്കാൻ 20 ലക്ഷം രൂപയാണ് രത്നയ്ക്ക് വാഗ്ദാനം ചെയ്തിരുന്നത്. നല്‍കിയത് 8 ലക്ഷവും. ഇക്കാര്യം രത്ന പൊലീസിനോട് സമ്മതിച്ചു. ശരത് മേനോന്റെ അക്കൗണ്ടിലേക്ക് ഒരു കോടി രൂപ എത്തിയതായും പൊലീസ് കണ്ടത്തെി. കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങിയ പ്രതികളെ പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന.