Fincat

പൂജയ്ക്കെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ട്വിസ്റ്റ്; നടന്നത് ഹണിട്രാപ്പ്; 5 പേർ അറസ്റ്റിൽ

തൃശൂരിലെ പെരിങ്ങോട്ടുകര ദേവസ്ഥാനത്ത് നടന്ന പീഡനക്കേസ് വഴിത്തിരിവിലേക്ക്. കേസിൽ പ്രതിയായ ദേവസ്ഥാനം മാനേജിങ് ട്രസ്റ്റി ഉണ്ണി ദാമോദരന്റെ മരുമകൻ ടി എ അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. ഈ കേസിൽ ബെംഗളൂരു സ്വദേശിനിയായ രത്ന ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിലായി.
ജൂൺ 16-ന് ബെംഗളൂരു സ്വദേശിനിയായ രത്ന, ദേവസ്ഥാനത്തിന് സമീപത്തെ മുറിയിൽവെച്ച് അരുൺ തന്നെ പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നൽകിയിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അരുണിനെ അറസ്റ്റ് ചെയ്തു. തെളിവുകളായി ഫോൺ സംഭാഷണങ്ങളും വാട്സാപ്പ് ചാറ്റുകളുടെ സ്ക്രീൻഷോട്ടുകളും രത്ന പൊലീസിന് കൈമാറി.
അരുണിനെ ഹണിട്രാപ്പിൽ കുടുക്കിയതാണെന്ന് ആരോപിച്ച് കുടുംബം ആഭ്യന്തരമന്ത്രി ജി പരമേശ്വരന് പരാതി നൽകിയിരുന്നു. കേസിൽ നിന്ന് ഒഴിവാക്കാൻ ബെംഗളൂരു പോലീസ് 2 കോടി രൂപ ആവശ്യപ്പെട്ടെന്നും അവർ ആരോപിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ, രത്നയെ ഉപയോഗിച്ച് അരുണിനെ കുടുക്കിയത് പാലക്കാട് സ്വദേശിയായ ശരത് മേനോനും സംഘവുമാണെന്ന് തെളിഞ്ഞു.