Fincat

രാജ്യത്തെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ്; ഉടമയ്ക്ക് നഷ്ടമായത് 25 കോടി

രാജ്യത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് തിരുവനന്തപുരത്ത്. നഗരത്തിലെ ഒരു പ്രമുഖ ഫാർമസ്യൂട്ടിക്കൽ കമ്പനിയുടമയ്ക്ക് വ്യാജ ട്രേഡിങ് ആപ്പ് വഴി 25 കോടി രൂപയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നാല് മാസമെടുത്താണ് തട്ടിപ്പുകാർ ഇത്രയും വലിയ തുക കൈക്കലാക്കിയത്. തുടക്കത്തിൽ 2 കോടി രൂപ നിക്ഷേപിച്ചപ്പോൾ 4 കോടി വരെ ലാഭം ലഭിച്ചതായി ആപ്പിൽ കാണിച്ചതോടെയാണ് ഇദ്ദേഹം ബാക്കി തുകയും നിക്ഷേപിച്ചതെന്ന് മനോരമ റിപ്പോർട്ട് ചെയ്തു. എന്നാൽ, നിക്ഷേപിച്ച പണം പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് തിരിച്ചറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. രാജ്യത്ത് ഒരു വ്യക്തിയിൽനിന്ന് ഏറ്റവും കൂടുതൽ തുക തട്ടിയെടുത്ത കേസാണിതെന്ന് സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.
സംസ്ഥാനത്ത് സൈബർ തട്ടിപ്പുകൾ വർധിച്ചുവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2024-ൽ 41,431 കേസുകളിലായി 764 കോടി രൂപയാണ് നഷ്ടമായത്.