വാക്കേറ്റത്തിനിടെ ആടിനു തോലുമായി വന്നയാളിൽ നിന്ന് വെട്ടുകത്തി പിടിച്ചു വാങ്ങി സുഹൃത്തിനെ വെട്ടിക്കൊന്ന കേസിൽ പാലോട് മീൻമുട്ടി അങ്കണവാടിക്ക് സമീപം പാലുവള്ളി തടത്തരികത്തു വീട്ടിൽ എസ്. സന്തോഷിനെ തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജ് ആർ. രേഖ എട്ടുവർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടുക്കാനും അല്ലെങ്കിൽ ആറുമാസം കൂടി കഠിന തടവിനും ശിക്ഷിച്ചു. പാലുവള്ളി സ്വദേശി ഷാജിയുടെ കൊലക്കേസിലാണ് അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
2017 ഡിസംബർ 24നായിരുന്നു സംഭവം. മുൻവൈരാഗ്യത്തെ തുടർന്ന് സന്തോഷിനെ റോഡിൽ തടഞ്ഞുവെച്ച് മർദ്ദിച്ച സുഹൃത്ത് ഷാജിയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. 51 വെട്ടുകൾ പോസ്റ്റ്മാർട്ടം സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തിയിരുന്നു. ദൃക്സാക്ഷികൾ കൂറുമാറിയ കേസിൽ സാഹചര്യ, ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. സന്തോഷിന്റെ സഹോദരൻ പ്രകാശിനെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിട്ടു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസീക്യൂട്ടർ അഡ്വ.എ.ആർ.ഷാജി ഹാജരായി. പ്രോസീക്യൂഷൻ ഭാഗത്തു നിന്ന് 12 സാക്ഷികളെ ഹാജരാക്കി. അഭിഭാഷകരായ എ.ഷമീർ വെമ്പായം, അസീം.എ, നീരജ് ആർ.എസ്, അഖില അജി, അർച്ചന റെജി, ഫാദിയ, ഉദയൻ കൊല്ലം തുടങ്ങിയവരും ഹാജരായി. പാലോട് സി.ഐ ആയിരുന്ന കെ.ബിനോജ് കുമാറാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്.