ആലപ്പുഴ: 71മത് നെഹ്റു ട്രോഫി വള്ളംകളിക്ക് ഒരുങ്ങി പുന്നമടക്കാായൽ. ഇന്ന് നടക്കുന്ന മത്സര വള്ളം കളിയിൽ 21 ചുണ്ടൻ വള്ളങ്ങൾ അടക്കം 75 വള്ളങ്ങൾ മത്സരിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് വള്ളംകളി ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി പിഎ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. സിംബാബ്‌വെ ഡപ്യൂട്ടി മന്ത്രി രാജേഷ് കുമാർ ഇന്ദുകാന്ത് മോദി പങ്കെടുക്കും.
ചെറുവള്ളങ്ങളുടെ ഹീറ്റ്സ് രാവിലെ 11 മുതൽ നടക്കും. അതേസമയം, വള്ളം കളിയുമായി ബന്ധപ്പെട്ടുള്ള പരാതികൾ ഒഴിവാക്കാൻ ഇത്തവണ വെർച്വൽ ലൈൻ ഫിനിഷിംങും തയ്യാറാക്കിയിട്ടുണ്ട്.
21 ചുണ്ടന്‍ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ചെറുവള്ളങ്ങളുടെ ഹീറ്റ്സാണ് ആദ്യം നടക്കുക. ഹീറ്റ്സില്‍ മുന്നിലെത്തുന്ന വള്ളങ്ങളാണ് ഫൈനലില്‍ പോരിനിറങ്ങുക. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി ബി 18, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 3, തെക്കനോടി തറ 2, തെക്കനോടി കെട്ട് 4 എന്നിങ്ങനെ ആകെ 75 യാനങ്ങൾ നീറ്റില്ർ പോരിനിറങ്ങും. ചുണ്ടൻവള്ളങ്ങളുടെ മത്സരം ആറു ഹീറ്റ്സുകളിലായാണ് നടക്കുക. ആദ്യ നാലിൽ നാലു വള്ളം, അഞ്ചാം ഹീറ്റ്സിൽ മൂന്നു വള്ളം, ആറാമത്തേതിൽ രണ്ടു വള്ളം എന്നിങ്ങനെയാണ് മത്സരക്രമം. ഹീറ്റ്സിൽ മികച്ച സമയത്ത് ഫിനിഷിങ് ലൈന്‍ തൊടുന്ന നാലു വള്ളങ്ങൾ ഫൈനലിൽ മാറ്റുരയ്ക്കും.
അതേസമയം, നെഹ്റു ട്രോഫി വള്ളംകളി പ്രമാണിച്ച് ഇന്ന് ആലപ്പുഴയിൽ വിവിധ താലൂക്കുകളിൽ അവധിയാണ്. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട്, കാർത്തികപ്പള്ളി, ചെങ്ങന്നൂർ, മാവേലിക്കര എന്നീ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് ഇന്ന് പ്രാദേശിക അവധിയുള്ളത്.