Fincat

പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി; 22കാരൻ മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ ആശുപത്രിയുടെ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി 22കാരൻ ജീവനൊടുക്കി. കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് സ്വദേശി നൂറുല്‍ അമീനാണ് മരിച്ചത്. പെരിന്തല്‍മണ്ണ കിംസ് അല്‍ഷിഫ ആശുപത്രിയുടെ ഒമ്പത് നില കെട്ടിടത്തിന് മുകളില്‍ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. സംഭവസ്ഥലത്ത് തന്നെ മരണം സംഭവിച്ചു. നിർമാണത്തിലിരുന്ന കെട്ടിടത്തിന് മുകളിൽ നിന്നാണ് യുവാവ് താഴേക്ക് ചാടിയത്. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ല. എങ്കിലും പ്രണയനൈരാശ്യമാകാം ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്. ആശുപത്രി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയതിന് പിന്നാലെ യുവാവിനെ ഇതേ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. യുവാവ് ആത്മഹത്യ ഭീഷണി മുഴക്കുന്നതായി പെണ്‍ സുഹൃത്ത് പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഇതിനെ പിന്നാലെയാണ് യുവാവ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്.

പെരിന്തല്‍മണ്ണയില്‍ വസ്ത്രശാലയില്‍ സെയില്‍മാന്‍ ആയി ജോലി ചെയ്യുകയായിരുന്നു നൂറുൽ അമീൻ. ശനിയാഴ്ച ഇയാൾ ജോലിക്ക് പോയിട്ടില്ലെന്ന് വീട്ടുകാര്‍ പറഞ്ഞു. യുവാവിന്റെ മരണത്തില്‍ പൊലീസ് കുടുംബാംഗങ്ങളുടെ മൊഴിയെടുക്കും. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കരുവാരകുണ്ട് കേരള പഴയകടക്കല്‍ പരേതനായ നാലകത്ത് മുസ്തഫയുടെയും സുഹ്‌റയുടെയും മകനാണ് മരിച്ച നൂറുല്‍ അമീന്‍.