Fincat

സ്ഫോടന കേസ്: പ്രതി അനു മാലിക് പൊലീസ് പിടിയിൽ

കണ്ണപുരം സ്ഫോടന കേസിലെ പ്രതി അനൂപ് കുമാർ എന്ന അനു മാലിക് പൊലീസ് പിടിയിലായി. വൈകിട്ടോടെ കാഞ്ഞങ്ങാട് വെച്ചാണ് ഇയാൾ കണ്ണപുരം പൊലീസിൻ്റെ പിടിയിലായത്. കാഞ്ഞങ്ങാടുള്ള ഒരു സുഹൃത്തിൻ്റെ വീട്ടിൽ എത്തിയതായിരുന്നു. സുഹൃത്താണ് ഹൊസ്ദുർഗ് പൊലീസിൽ വിവരം അറിയിച്ചത്. അനൂപ് മാലിക്കിനേയും കൂട്ടി സ്റ്റേഷനിൽ എത്താൻ പൊലീസ് ആവശ്യപ്പെട്ടത് പ്രകാരം സ്റ്റേഷനിൽ ഹാജരാവുകയായിരുന്നു.

കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തിൽ കണ്ണൂർ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിക്കുകയും ചെയ്തിരുന്നു. അനു മാലിക്കിന്റെ ബന്ധുവാണ് ഇയാൾ. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത അനു മാലിക്കിനെതിരെ പൊലീസ് കേസെടുത്തിരുന്നു. സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. 2016ൽ കണ്ണൂർ പൊടിക്കുണ്ടിലെ വീട്ടിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ചുണ്ടായ കേസിലെ പ്രതിയാണ് അനു മാലിക്.

സ്ഫോടനത്തിൽ വീട് പൂർണ്ണമായി തകർന്നിരുന്നു. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറുകയായിരുന്നു. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത് എന്നാണ് വിവരം. ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്.