Fincat

അവധിക്ക് നാട്ടിൽ പോകാനിരുന്ന ദിവസം റോഡപകടത്തിൽ മരിച്ചു

സൗദി തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ജിസാനിലെ അബുഅരീഷിന് സമീപം വാസലിയിലുണ്ടായ റോഡപകടത്തിൽ മരിച്ച മലപ്പുറം മഞ്ചേരി ആനക്കയം കോർമത്ത് വീട്ടിൽ റിയാസ് ബാബുവിന്റെ (47) മൃതദേഹം ജിസാനിലെ പ്രവാസി സമൂഹത്തിൻറെ സാന്നിധ്യത്തിൽ വാസലിയിൽ ഖബറടക്കി. അവധിക്ക് നാട്ടിൽ പോകാനിരുന്ന ദിവസം താമസസ്ഥലത്തിനടുത്ത് വെച്ച് വാഹനമിടിച്ച് മരണമടഞ്ഞ റിയാസിൻറെ ആകസ്‌മിക വിയോഗം ജിസാനിലെ പ്രവാസി സമൂഹത്തെ ദുഖത്തിലാഴ്ത്തിയ ദാരുണ അപകടമായിരുന്നു. അബൂഅരീഷ് കിങ് ഫഹദ്‌ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം വാസലിയിൽ കൊണ്ടുവന്നപ്പോൾ സുഹൃത്തുക്കളും സഹപ്രവർത്തകരും ജിസാനിലെ വിവിധ സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും സ്വദേശികളും വിദേശികളുമടക്കം വലിയൊരു ജനാവലി എത്തിയിരുന്നു.

റിയാസ് ബാബുവിൻറെ ഭാര്യ സഹോദരിയുടെ മകൻ ജസീൽ ഖബറടക്കത്തിനായി ജിദ്ദയിൽ നിന്ന് എത്തിയിരുന്നു. ജസീലും സഹപ്രവർത്തകനായ അബ്‌ദുസമീർ കൊടുവള്ളിയും ‘ജല’ പ്രവർത്തകരും ഖബറടക്ക ചടങ്ങുകൾക്ക് നേതൃത്വം നൽകി. കഴിഞ്ഞ ദിവസം വൈകീട്ട് വാസലി അബ്‌ദുല്ല ബിൻ അൽ മുഹൈദബ് മസ്‌ജിദിൽ നടന്ന മയ്യിത്ത് നമസ്‌കാരത്തിനു ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ വാസലി മഖ്ബറയിൽ മൃതദേഹം ഖബറടക്കി. മുസ്‌തഫ സഅദി പ്രാർത്ഥനക്ക് നേതൃത്വം നൽകി. ‘ജല’ കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ സലാം കൂട്ടായി, സണ്ണി ഓതറ, സലിം മൈസൂർ, അന്തുഷ ചെട്ടിപ്പടി യൂനിറ്റ് ഭാരവാഹികളായ അശ്റഫ് പാണ്ടിക്കാട്, ബാബു മഞ്ചേരി, സുലൈ കൊട്ടാരം എന്നിവരാണ് മൃതദേഹം ഖബറടക്കുന്നതിനുള്ള എല്ലാ സഹായങ്ങളും ചെയ്‌തത്‌. ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമസമിതി അംഗം താഹ കൊല്ലേത്തിൻറെ നേതൃത്വത്തിലാണ് നിയമനടപടികൾ പൂർത്തിയാക്കിയത്. ‘ജല’ നേതാക്കളായ ഡോ.രമേശ് മൂച്ചിക്കൽ, നൗഷാദ് പുതിയതോപ്പിൽ, വിപിൻ, സഞ്ജീവൻ ചെങ്ങന്നൂർ, ഐ.സി.എഫ് സൗദി ദേശീയ സെക്രട്ടറി സിറാജ് കുറ്റ്യാടി, താഹ കിണാശ്ശേരി, മുഹമ്മദ് സ്വാലിഹ് കാസർകോട്, അനസ് ജൗഹരി, സുഹൈൽ സഖാഫി, തനിമ രക്ഷാധികാരി മുഹമ്മദ് ഇസ്മായിൽ മാനു എന്നിവരടക്കം നിരവധി സാമൂഹിക സംഘടനാ നേതാക്കളും പ്രവർത്തകരും ഖബറടക്കത്തിൽ സംബന്ധിച്ചു.

ഈ മാസം 21 ന് രാത്രി 11.30 ഓടെയാണ് വാസലിയിൽ വെച്ച് റിയാസ് ബാബുവിന് അപകടമുണ്ടായത്. റോഡിലൂടെ താമസ്ഥലത്തേക്ക് നടന്നു പോകുകയായിരുന്ന റിയാസിനെ പിന്നിൽ നിന്നു വന്ന കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ തലക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ റിയാസ് ബാബു അബൂ അരീഷ് കിങ് ഫഹദ്‌ സ്പെഷ്യലിറ്റി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ആഗസ്റ്റ് 22 പുലർച്ചെ മൂന്നിന് മരിച്ചു. പിറ്റേ ദിവസം ജിസാനിൽ നിന്ന് എയർ അറേബ്യ വിമാനത്തിൽ ഷാർജ വഴി കോഴിക്കോട്ടേക്ക് പോകാനിരിക്കെയാണ് ദാരുണമായ അന്ത്യം സംഭവിച്ചത്. 18 വർഷമായി ജിസാനിൽ ജോലിചെയ്യുന്ന റിയാസ് ബാബു വാസലിയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായിരുന്നു. എട്ടു മാസം മുമ്പാണ് നാട്ടിൽ പോയിവന്നത്. ‘ജല’ യുടെ സജീവപ്രവർത്തകനായിരുന്ന റിയാസ് കോവിഡ് കാലത്ത് ജിസാൻ ബെയിഷിൽ ശ്രദ്ധേയമായ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. മലയാളികളും സ്വദേശികളും വിദേശികളുമടക്കം വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു. മുഹമ്മദ് കോർമത്തിന്റെയും സുഹ്‌റയുടെയും മകനായ റിയാസ് വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്. പി. ഷാഹിനയാണ് ഭാര്യ. മക്കളായ ഹാനിയ, ഹനാൻ, ഹന എന്നിവർ നാട്ടിൽ വിദ്യാർത്ഥികളാണ്.