ചിറ്റൂർ: മീനാക്ഷിപുരത്ത് മുലപ്പാല്‍ ശ്വാസനാളത്തില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു.
സർക്കാർപതി ഉന്നതിയില്‍ പാർഥിപന്റെയും സംഗീതയുടെയും രണ്ടാമത്തെ കുഞ്ഞാണ് ശനിയാഴ്ച രാവിലെ അഞ്ചരയോടെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ മരിച്ചത്.
രണ്ടുവർഷം മുൻപ് ഇവരുടെ ആദ്യത്തെ കുഞ്ഞും ജനിച്ച് 45-ാം ദിവസം സമാനരീതിയില്‍ മരിച്ചിരുന്നു.
രാവിലെ മൂന്നുമണിയോടെ കുഞ്ഞിന് പാല്‍ നല്‍കിയിരുന്നു. പിന്നീട് നോക്കുമ്ബോള്‍ കുഞ്ഞിന് അനക്കമുണ്ടായിരുന്നില്ലെന്നും ഉടൻ ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവെന്നും സംഗീത പറഞ്ഞു. മുലപ്പാല്‍ കുടുങ്ങിയതാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരമെന്ന് മീനാക്ഷിപുരം പോലീസ് പറഞ്ഞു.
ആരോഗ്യപ്രവർത്തകരുടെ സഹായം ലഭിച്ചില്ലെന്ന് പരാതി
ഇരവാളൻ സമുദായത്തില്‍പ്പെട്ട തനിക്ക് ഗർഭിണിയായതുമുതല്‍ ആരോഗ്യപ്രവർത്തകരുടെ സഹായമോ പോഷകാഹാരമോ ലഭിച്ചിട്ടില്ലെന്ന് സംഗീത പറയുന്നു. നെല്ലിമേടുള്ള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ വിവരം അറിയിച്ചിട്ടും വേണ്ടവിധത്തിലുള്ള സഹായമുണ്ടായില്ലെന്നും അങ്കണവാടി മുഖേന ലഭിക്കേണ്ട പോഷകാഹാരങ്ങള്‍ കിട്ടിയില്ലെന്നും സംഗീത ആരോപിച്ചു.
എന്നാല്‍, ഗർഭിണിയായ വേളയില്‍ കൊടുക്കേണ്ട കുത്തിവെപ്പുകള്‍ കൃത്യമായി കൊടുത്തിരുന്നുവെന്നും സംഗീതയുടെ ആരോഗ്യവിവരം അന്വേഷിച്ചിരുന്നുവെന്നും ആരോഗ്യവിഭാഗം അധികൃതർ പറഞ്ഞു.
മീനാക്ഷിപുരം ഇന്ദിരാനഗർ അങ്കണവാടി മുഖേന ഇവർക്കുള്ള പോഷകാഹാരം വിതരണം ചെയ്തിരുന്നു.
ഒരുമാസം മുൻപ് ഇവർ അവിടെനിന്നു താമസം മാറിയശേഷം അന്വേഷിച്ചെങ്കിലും ഇവരെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ലെന്ന് ഐസിഡിഎസ് സൂപ്പർവൈസർ ഷമീന പറഞ്ഞു.
മീനാക്ഷിപുരം ഇന്ദിരാനനഗറില്‍ ഭർത്താവിന്റെ വീട്ടില്‍ താമസിച്ചിരുന്ന സംഗീത ഒരുമാസം മുൻപാണ് തന്റെ വീടായ സർക്കാർപതി ഉന്നതിയിലെത്തിയത്.