Fincat

പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം; പ്രതി പിടിയില്‍

ഫോര്‍ട്ട്കൊച്ചിയില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗിക അതിക്രമം കാണിച്ച പ്രതി പിടിയില്‍. തോപ്പുംപടി നസ്രത്ത് സ്വദേശി ഡാരല്‍ ഡിസൂസയെയാണ് ഫോര്‍ട്ട്‌കൊച്ചി പൊലീസ് പിടികൂടിയത്. അതിക്രമത്തിനു ശേഷം കടന്നു കളഞ്ഞ പ്രതിയെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്താനായത്.

ഈ മാസം 24നാണ് സംഭവം നടക്കുന്നത്. വീട്ടില്‍ നിന്ന് കടയിലേക്ക് പോവുകയായിരുന്ന പതിനൊന്നുകാരിയെ ബൈക്കില്‍ എത്തിയ ഡാരല്‍ കടന്നു പിടിക്കുകയായിരുന്നു. കടന്നു പിടിച്ച ശേഷം ഒപ്പം വരണമെന്ന് യുവാവ് ആവശ്യപ്പെടുകയും ചെയ്തു. പെണ്‍കുട്ടി പേടിച്ചു കുതറിമാറി സമീപത്തെ കടയിലേക്ക് ഓടിക്കയറി. കടക്കാരനോട് വിവരം പറഞ്ഞ പെണ്‍കുട്ടി യുവാവിനെ കാണിച്ചു കൊടുക്കാന്‍ എത്തുന്നത് കണ്ടയുടന്‍ യുവാവ് ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. നൂറോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് യുവാവിന്റെ വണ്ടി നമ്പര്‍ കിട്ടിയത്.

പോക്‌സോ വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്. പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.