പ്രീമിയർ ലീഗിൽ തുടർച്ചയായി രണ്ടാം തോൽവിയുമായി മോശം പ്രകടനമാണ് മുൻ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി പുറത്തെടുക്കുന്നത്. ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയോൻ എഫ് സിക്കെതിരെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് മാഞ്ചസ്റ്റർ സിറ്റി തോറ്റത്. ഒന്നാം പകുതിയിൽ നൂറാം മത്സരത്തിനിറങ്ങിയ എർലിങ് ഹാലൻഡ് നേടിയ ഗോളിലൂടെ മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയിൽ രണ്ട് ഗോൾ വഴങ്ങി മാഞ്ചസ്റ്റർ തോൽക്കുകയായിരുന്നു. സീസണിൽ മൂന്ന് കളി പൂർത്തിയായപ്പോൾ മുൻ ചാമ്പ്യന്മാർ രണ്ടിലും തോറ്റു.
തോൽവിക്ക് ശേഷം തനിക്ക് ഒറ്റക്ക് ടീമിനെ ജയിപ്പിക്കാൻ സാധിക്കില്ലെ പറയുകയാണ് മിഡ്ഫീൽഡറായ റോഡ്രി. കഴിഞ്ഞ സീസണിൽ പരിക്ക് മൂലം പുറത്തിരുന്ന റോഡ്രി ഈ സീസണിൽ ടീം തന്റെയൊപ്പം കളിച്ചാലെ ജയിക്കാൻ സാധിക്കുകയുള്ളൂവെന്നും താൻ മെസ്സിയല്ലെന്നും പറഞ്ഞു. മത്സരശേഷം സംസാരിക്കുകയായിരുന്നു സ്പാനിഷ് താരം.
‘ഞാൻ മെസ്സി അല്ല, തിരിച്ചുവന്നയുടനെ ടീമിനെ വിജയിപ്പിക്കാൻ എനിക്ക് സാധിക്കില്ല. ഇത് കളക്ടീവായുള്ള കളിയാണ്. ഞങ്ങൾ മുമ്പ ജയിച്ചപ്പോൾ എനിക്ക് ടീം മേറ്റ്‌സിന്റെ സഹായമുണ്ടായിരുന്നു. എനിക്ക എന്റെ ഏറ്റവും മികച്ച നിലയിലേക്ക് തിരിച്ചുവരേണ്ടതുണ്ട്. ശേഷം ടീമെന്ന നിലയിൽ ഞങ്ങൾ മികച്ച രീതിയിൽ കളിക്കേണ്ടതുണ്ട്. ഇതൊരു കൂടായ സ്‌പോർട്ടാണ്, ഇടവേളയക്ക് ശേഷം കുറച്ചുകൂടി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു,’ റോഡ്രി പറഞ്ഞു.
എതിരാളിയുടെ തട്ടകമായ അമെക്സ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആദ്യം ഗോൾ നേടിയത് മാഞ്ചസ്റ്റർ സിറ്റിയായിരുന്നു. 34-ാം മിനിറ്റിൽ എർലിങ് ഹാലൻഡിന്റെ മിടുക്കിലായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. ബ്രൈറ്റൺ പ്രതിരോധത്തെ പിളർത്തി കുതിച്ചുകയറിയ ഉമർ മർമൗഷും ഹാലൻഡും ചേർന്നായിരുന്നു ആദ്യ ഗോൾ ഫിനിഷ് ചെയ്തത്.
ലഎന്നാൽ രണ്ടാം പകുതിയിൽ നാല് സബ്‌സ്റ്റിറ്റിയൂഷനുമായെത്തിയ ബ്രൈറ്റൺ രണ്ടാം പകുതിയിൽ പോരാട്ടം ആരംഭിച്ചു. 67-ാം മിനിറ്റിൽ ജെയിംസ് മിൽനറിലൂടെയായിരുന്നു ആദ്യം തിരിച്ചടിച്ചത്. സമനിലയിലെത്തിയ മത്സരത്തിനു പിന്നാലെ, കളി അവസാനിക്കാനിരിക്കെ 89-ാം മിനിറ്റിൽ ബ്രൈറ്റണിന്റെ ജർമൻ താരം ബ്രാജൻ ഗൂഡയുടെ മിന്നുന്ന ഗോളി ജയം പിറന്നു. ബോക്സിനുള്ളിൽ സിറ്റി ഗോളി ട്രഫോഡിനെയും, റുബൻ ഡയസ് ഉൾപ്പെടെ പ്രതിരോധക്കാരെയും വീഴ്ത്തിയായിരുന്നു ഗുഡ വിജയ ഗോൾ കുറിച്ചത്.മൂന്ന് കളിയിൽ രണ്ട് തോൽവി വഴങ്ങിയതോടെ ലീഗ് ടേബിളിൽ സിറ്റി 12ാം സ്ഥാനത്തേക്ക് പതിച്ചു.