ആൾതാമസമില്ലാത്ത വീടിന്റെ വാതിൽ കുത്തിപ്പൊളിച്ച് സ്വർണവും പണവും മോഷ്ടിച്ചു. ചിറയിൻകീഴ് ഒറ്റപ്ലാമുക്ക് ഷാരോൺ ഡെയിലിൽ ക്ലമന്റ് പെരേര – സുശീല ദമ്പതികളുടെ വീട്ടിലാണ് പുലർച്ചയോടെ മോഷണം നടന്നത്. ബെഡ്റൂമിലെ ഷെൽഫുകളിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് മോഷണം പോയത്. 107 ഗ്രാം സ്വർണവും 1,15000 രൂപയും എടിഎം കാർഡും 60000 രൂപയുടെ വാച്ചും മോഷ്ടിച്ചതായാണ് പ്രാഥമിക വിവരം. ദമ്പതികളുടെ വിദേശത്തായിരുന്ന മകളുടെ കുടുംബം മരുമകന്റെ ചികിത്സയ്ക്കായി നാട്ടിലെത്തിയിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ രണ്ടാഴ്ചയായി ഇവർ കിഴുവിലത്തിന് സമീപം മകളുടെ വീട്ടിലായിരുന്നു താമസം. ഇന്നലെ ഒറ്റപ്ലാമുക്കിലെ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്.
കുടുംബത്തിന്റെ പരാതിയിൽ ചിറയിൻകീഴ് പൊലീസ് പരിശോധനനടത്തി. സിസിടിവി ദൃശ്യങ്ങളിൽ പെടാതെയാണ് മോഷണം നടന്നിരിക്കുന്നതെന്നതിനാൽ സമീപത്തെ ദ്യശ്യങ്ങൾ പരിശോധിക്കുകയാണ് പൊലീസ്. ചിറയിൻകീഴ്, അഴൂർ, പെരുങ്ങുഴി മേഖലയിലായി മൂന്നുമാസത്തിനിടെ ഇത് നാലാമത്തെ മോഷണമാണെന്നതിനാൽ ഭീതിയിലാണ് ജനങ്ങൾ.