ഹോംസ്റ്റേകൾ കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ആൾ പിടിയിൽ. ചേരാനല്ലൂർ ഇടയക്കുന്നം സ്വദേശി മഠത്തിപ്പറമ്പിൽ വീട്ടിൽ സനീഷി(24)നെയാണ് ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകൾ മാത്രം താമസിക്കുന്ന ഹോംസ്റ്റേകൾ ലക്ഷ്യമിട്ടാണ് പ്രതി പതിവായി മോഷണം നടത്തിയിരുന്നത്. ഓഗസ്റ്റ് 18 ന് നടത്തിയ മോഷണത്തിന് പിന്നാലെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
ആസ്റ്റർ ആശുപത്രിയിൽ ജോലി ചെയ്യുന്ന യുവതിയാണ് കേസിലെ പരാതിക്കാരി. ഇവർ ചിറ്റൂരിൽ വാടകയ്ക്ക് താമസിക്കുന്ന വീട്ടിലാണ് മോഷണം നടന്നത്. യുവതി ഉപയോഗിച്ചിരുന്ന സ്‌മാർട്ട് വാച്ചും സൗന്ദര്യവർധക വസ്‌തുക്കളും യുവതിയുടെ പഠന സർട്ടിഫിക്കറ്റുകളും അടക്കമാണ് പ്രതി മോഷ്ടിച്ചത്. സിസിടിവിയിൽ ദൃശ്യങ്ങൾ പതിഞ്ഞിരുന്നെങ്കിലും മാസ്‌ക് ധരിച്ചിരുന്നതിനാൽ മോഷ്ടാവിനെ തിരിച്ചറിയാനായില്ല.
തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തി. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയതെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കസ്റ്റഡിയിൽ ചോദ്യം ചെയ്‌തപ്പോൾ താൻ മുൻപ് നടത്തിയ മറ്റ് പല മോഷണങ്ങളെ കുറിച്ച് കൂടി ഇയാൾ മൊഴി നൽകിയിട്ടുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കൊച്ചി സിറ്റി ചേരാനല്ലൂർ പൊലീസ് ഇൻസ്പെക്‌ടർ ആർ വിനോജ്, എസ് ഐ സുനിൽ ജി, എഎസ്ഐ മുഹമ്മദ് നസീർ, എസ്‌സിപിഒ തോമസ്, സനുലാൽ സിപിഒ ജീഷ്മ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.