റോഡരികിൽ ബസ് കാത്തുനിന്ന വയോധികയെ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചു. പത്തനംതിട്ട എഴുമറ്റൂർ ചുഴനയിൽ ഇന്ന് രാവിലെ 9 മണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ 75 കാരി പൊടിയമ്മയെ കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രി എത്തിച്ചപ്പോഴേക്കും ജീവന്‍ രക്ഷിക്കാനായില്ല. സ്വകാര്യ കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു.
പൊടിയമ്മയുടെ മകള്‍ ചുഴനയിലാണ് താമസിക്കുന്നത്. മകളുടെ വീട്ടിലെത്തിയ വയോധിക തിരികെ സ്വന്തം വീട്ടിലേക്ക് പോകാനായി ബസ് കാത്ത് നില്‍ക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ടുവന്ന കാര്‍ പൊടിയമ്മയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വയോധികയെ ഉടന്‍ തന്നെ കോഴഞ്ചേരി സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. അപകട സമയത്ത് പൊടിയമ്മയ്ക്ക് അരികില്‍ മറ്റൊരു സ്ത്രീ ഉണ്ടായിരുന്നെങ്കിലും കാര്‍ വരുന്നത് കണ്ട് അവര്‍ ഒഴിഞ്ഞുമാറി. ഒഴിഞ്ഞ് മാറുന്നതിനിടെ അവര്‍ക്ക് വീണ് പരിക്കേറ്റിട്ടുണ്ട്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.