Fincat

പഞ്ചായത്തങ്കത്തിന് തുടക്കമായി : സീറ്റുകള്‍ക്കായി കടിപിടി മുറുകുന്നു; പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ തലപുകഞ്ഞ് നേതൃത്വം

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ഓരോന്നായി പൂര്‍ത്തിയാക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. വാര്‍ഡ് വിഭജനവും അന്തിമ വോട്ടര്‍ പട്ടിക തയ്യാറാക്കലും പൂര്‍ത്തിയായി. ഇനി വരാനുള്ളത് തെരഞ്ഞെടുപ്പ് വിജ്ഞാപനവും അനുബന്ധ നടപടിക്രമങ്ങളുമാണ്. ഇനിയുള്ള മൂന്ന് മാസക്കാലം തദ്ദേശ തെരഞ്ഞെടുപ്പുകളുടെ വിശേഷക്കാലമായിരിക്കും.
പഞ്ചായത്ത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പിലെ വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമാണ് മലപ്പുറം ജില്ല. പരമ്പരാഗതമായി മുസ്ലിംലീഗിന് മേല്‍കൈ ഉള്ള തദ്ദേശ സ്ഥാപനങ്ങളാണ് അധികം, എങ്കിലും ഭരണം പിടിക്കാനും അട്ടിമറിക്കാനും വിവിധ മുന്നണികളും കൂട്ടായ്മകളും ജില്ലയില്‍ രൂപപ്പെടുക സര്‍വ്വ സാധാരണയാണ്. പാര്‍ട്ടികള്‍കുള്ളില്‍ നിന്നും ഉടലെടുക്കുന്ന വിമതരും കൂറുമാറ്റങ്ങളുമെല്ലാം കാണാനിരിക്കുന്ന മറ്റൊരു പൂരമാണിവിടെ.
സീറ്റുകള്‍ ഉറപ്പാക്കുന്നതിനുള്ള ചരടുവലിയും നീക്കങ്ങളും ഇപ്പോള്‍ പ്രധാന മൂന്ന് മുന്നണികള്‍ക്കുള്ളിലും നടന്നു വരികയാണ്. നേതൃത്വം ഒരു വഴിയിലൂടെ കണക്കു കൂട്ടുമ്പോള്‍ പ്രാദേശിക തലങ്ങളില്‍ മറിച്ചുള്ള കണക്കുകൂട്ടലുകളും സജീവമാണ്. ജില്ലയില്‍ പരമാവധി സീറ്റുകള്‍ വര്‍ദ്ധിപ്പിക്കുകയെന്നതാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നത്. ഇതിന് ആവശ്യമായ ആളുകളെ മുന്നണിയിലേക്ക് കൊണ്ടുവന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാക്കിയും തെരഞ്ഞെടുപ്പിനെ നേരിടാനാണ് സിപിഎം ലക്ഷ്യം വെക്കുന്നത്. പരമാവധി ലീഗ് കോണ്‍ഗ്രസ് അണികളെ അടര്‍ത്തിയുള്ള പരീക്ഷണങ്ങള്‍ക്കായിരിക്കും ഇത്തവണയും എല്‍ഡിഎഫ് മുതിരുക.
അതേസമയം മുന്‍കാലങ്ങളെ അപേക്ഷിച്ച് മുന്നണിക്കുള്ളില്‍ പ്രശ്‌നങ്ങളില്ലാതെ കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് യുഡിഎഫ് നേതൃത്വം കണക്കുകൂട്ടുന്നത്. എന്നാല്‍ ലീഗിലും കോണ്‍ഗ്രസിലും ഇടഞ്ഞ് നില്‍ക്കുന്നവര്‍ മുന്നണിക്ക് തലവേദനയാണ്. പല പഞ്ചായത്തുകളിലും ഇതിനോടകം വിമതര്‍ സ്ഥാനാര്‍ത്ഥിയാകാന്‍ ഒരുങ്ങിയിരിക്കുന്നത് മുന്നണിക്ക് ഭീഷണിയുണ്ടാക്കുന്നു. ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി പ്രത്യേക സമിതി തന്നെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒരുപരിതി വരെ ഈ ശ്രമം വിജയം കാണുമെങ്കിലും ലീഗിനുള്ളിലെ ഗ്രൂപ്പിസവും വിമത നീക്കവും തടയുകയെന്നത് നേതൃത്വത്തിന് വിലങ്ങുതടിയായിരിക്കും. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അഭിമാന പോരാട്ടമായാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്.
2025 നവംബര്‍- ഡിസംബര്‍ മാസങ്ങളിലായിരിക്കും തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക. നവംബര്‍ അവസാന ആഴ്ചയും ഡിസംബര്‍ തുടക്കത്തിലുമായി രണ്ട് ഘട്ടങ്ങളിലായിട്ടായിരിക്കും തിരഞ്ഞെടുപ്പ്. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ഡിസംബര്‍ മൂന്നാമത്തെ ആഴ്ച ഭരണസമിതി നിലവില്‍ വരും. 1,510 വാര്‍ഡുകളാണ് അടുത്ത തിരഞ്ഞെടുപ്പില്‍ പുതുതായി ഉണ്ടാവുക.