Fincat

ഭാര്യയുമൊന്നിച്ച് ഒറ്റയ്ക്ക് നിർമ്മിച്ച വീട്, അകത്ത് ഉദ്യോഗസ്ഥരെ കുഴക്കി രഹസ്യ അറകൾ, മലപ്പുറത്ത് കുപ്രസിദ്ധ ചാരായ വാറ്റുകാരൻ പിടിയിൽ

മലപ്പുറം: ഓണവിപണി ലക്ഷ്യമിട്ട് ചാരായം നിര്‍മിക്കാനായി ബാരലില്‍ സൂക്ഷിച്ച 500 ലിറ്ററോളം വാഷുമായി യുവാവിനെ കാളികാവ് എക്‌സൈസ് സംഘം പിടികൂടി. മമ്പാട് പള്ളിക്കുന്ന് സ്വദേശി പഴംപാലക്കോട് വീട്ടില്‍ രാജുവിനെ (45) യാണ് പിടികൂടിയത്. നിറയെ രഹസ്യ അറകളും 500 ലിറ്ററോളം വാഷ് ബാരലുകളിലായി സൂക്ഷിക്കാനുള്ള സൗകര്യവും ഇയാള്‍ വീട്ടില്‍ ഒരുക്കിയിരുന്നു. പൊലീസിലും എക്‌സൈസിലുമായി നാല് ചാരായ കേസുകളും രാജുവിന്റെ പേരിലുണ്ട്. ഇരുപത് വര്‍ഷത്തിലധികമായി കെട്ടിട നിര്‍മാണ മേഖലയിലാണ് രാജു ജോലി ചെയ്യുന്നത്. മറ്റാരെയും കൂടാതെ രാജുവും ഭാര്യയും ചേര്‍ന്നാണ് ഇവരുടെ വീട് നിര്‍മിച്ചത്. ചാരായം ശേഖരണം അടക്കം മുന്നില്‍ കണ്ടുള്ള നിര്‍മാണമായതിനാല്‍ പല തവണ വീട് എക്‌സൈസ് പരിശോധിച്ചിട്ടും ഒന്നും കിട്ടിയിരുന്നില്ല. ചാരായ വില്‍പ്പനയുമായി ബന്ധപ്പെട്ട് പുറത്ത് വച്ച് പിടിയിലായിട്ടുണ്ടെങ്കിലും നിര്‍മാണ വസ്തുക്കള്‍ കണ്ടെത്താന്‍ എക്‌സൈസിന് കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ എക്‌സൈസിന്റെ ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മുന്‍ പ്രതികളെ രഹസ്യമായി നിരീക്ഷിച്ചുവരുന്നതിന്റെ ഭാഗമായാണ് രാജുവിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ കാളികാവ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി.സി. അനീഷിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ വീട് പരിശോധിച്ചപ്പോഴാണ് ശുചിമുറിയോട് ചാരിയുള്ള ഷെഡില്‍ ഭൂമിക്കടിയിലേക്ക് രഹസ്യ അറ നിര്‍മിച്ചത് കണ്ടെത്തിയത്.

മുകളില്‍ സ്ലാബിട്ട് മൂടി ഷീറ്റിട്ട് 12 ഓളം ചാക്കുകളിലായി മെറ്റലുകള്‍, വെട്ടുകല്ല്, മറ്റു പാഴ് വസ്തുക്കള്‍ തുടങ്ങിയവയിട്ട് മൂടിയിരുന്നു. ഇത് കണ്ടതോടെയാണ് എക്‌സൈസിന് സംശയം തോന്നിയത്. അടുക്കളയില്‍ വീതനയുടെ അടിഭാഗത്തായി ടൈല്‍സ് എടുത്തു മാറ്റാവുന്ന രീതിയിലും രഹസ്യഅറ നിര്‍മിച്ചിരുന്നു. ഇവിടെയായിരുന്നു വാഷും ചാരായവും വാറ്റുപകരണങ്ങളും സൂക്ഷിച്ചിരുന്നത്. ഇത്തരത്തില്‍ വീടിന്റെ വിവിധ ഭാഗങ്ങളിലായി മൂന്ന് അറകളാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്.

രണ്ട് ബാരലുകളിലായി വാഷും ഒന്നേമുക്കാര്‍ ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും പിടികൂടി. തുടര്‍ന്ന് രാജുവിനെ വീട്ടില്‍ വച്ച് അറസ്റ്റ് ചെയ്തു. ഇയാളെ നിലന്പൂര്‍ കോടതിയില്‍ ഹാജരാക്കി. അന്വേഷണത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.എം. ശിവപ്രകാശ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ കെ.എസ്. അരുണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ മുഹമ്മദ് ഷരീഫ്, കെ.വി. വിപിന്‍, കെ. അമിത്, മുഹമ്മദ് ഹബീബ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പി. രജനി തുടങ്ങിയവരുണ്ടായിരുന്നു.