Fincat

‘ആവേശം’ മോഡൽ ആക്രമണം; മലയാളി നഴ്സിങ് വിദ്യാർത്ഥിക്ക് കുത്തേറ്റു

കർണാടക ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ ആശങ്ക സൃഷ്ടിച്ചതാണ് ‘ആവേശം’ സിനിമയിലെ ചില രംഗങ്ങൾ. മദ്യവും ലഹരി ഉപയോഗിച്ച് അഴിഞ്ഞാടുന്ന വിദ്യാർത്ഥികൾ, ലോക്കൽസിന്റെ പിന്തുണയോടെ മുതിർന്ന വിദ്യാർത്ഥികൾക്ക് നേരെ ഗുണ്ടായിസം കാണിക്കുന്ന ജൂനിയേഴ്സ്. ഇങ്ങനെ ബെംഗളൂരുവിലെ ഒരു നേഴ്സിങ് കോളജിൽ ആവേശം മോഡലിൽ സംഘർഷമുണ്ടായി. കോളേജിലെ ഓണാഘോഷത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിൽ മലയാളി വിദ്യാർത്ഥിക്ക് കുത്തേറ്റു.
ആചാര്യ നഴ്‌സിങ് കോളേജിലെ മലപ്പുറം സ്വദേശിയായ മുഹമ്മദ് സാബിത്തിനാണ് കുത്തേറ്റത്. ബെംഗളൂരു സ്വദേശിയും ഒന്നാം വർഷ മലയാളി വിദ്യാർത്ഥികളും ചേർന്നാണ് സീനിയേഴ്സ് താമസിക്കുന്ന ഹോസ്റ്റലിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. കേസിൽ ഒരാൾ പിടിയിലായിട്ടുണ്ട്. അതിനിടെ കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുന്നതായും വിദ്യാർത്ഥികൾ ആരോപിക്കുന്നു.
ബെംഗളൂരുവിലെ ആചാര്യ നഴ്‌സിങ് കോളേജിലാണ് ഓണാഘോഷത്തിനിടെ സംഘര്‍ഷം ഉണ്ടായത്. കോളേജില്‍ ഓണാഘോഷ പരിപാടികള്‍ നടക്കുന്നതിനിടെ അപ്രതീക്ഷിതമായി വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. അതിനിടെ പുറമെ നിന്നെത്തിയ സംഘം കോളേജിൽ കയറി പ്രശ്നം ഉണ്ടാക്കി. പിന്നീട് രാത്രിയോടെ മലയാളി വിദ്യാർത്ഥികൾ താമസിക്കുന്ന ഹോസ്റ്റലിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘം ആക്രമണം നടത്തുകയായിരുന്നു. അതിനിടെയാണ് മലപ്പുറം സ്വദേശിയായ മുഹമ്മദ് സാബിത് എന്ന മൂന്നാം വർഷം നഴിങ് വിദ്യാർത്ഥിക്ക് കുത്തേറ്റത്.