Fincat

നല്ല ലാഭം കിട്ടുമെന്ന് പറഞ്ഞതോടെ വിശ്വസിച്ചു, പലപ്പോഴായി തട്ടിയത് 56 ലക്ഷം

അമിതമായ ലാഭം വാഗ്ദാനംചെയ്ത് ആലപ്പുഴ കൈനടി സ്വദേശിയിൽനിന്ന് പലപ്പോഴായി 56 ലക്ഷം രൂപയോളം തട്ടിയയാൾ പിടിയിലായി. എറണാകുളം ആലുവാ ബാങ്ക് കവലയിൽ ടോണി കണ്ണാശുപത്രിക്ക് സമീപം താമസിക്കുന്ന നീലംപേരൂർ പഞ്ചായത്തിൽ ചെറുലോഴം വീട്ടിൽ ഹരിദാസ് നാരായണൻപിള്ളയാണ് (64) കൈനടി പൊലീസിന്റെ പിടിയിലായത്. 2019 മുതൽ 2025 വരെ കാലയളവിലാണ് ഇയാൾ പണം തട്ടിയത്. നിക്ഷേപിച്ച പണമോ ലാഭ വിഹിതമോ തിരികെ കിട്ടാതെ വന്നപ്പോൾ തട്ടിപ്പാണെന്ന് മനസിലായാണ് കൈനടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്
കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയപ്പോൾ പ്രതി അങ്കമാലി ഭാഗത്ത് ഒളിവിൽ താമസിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ പൊലീസ് തിങ്കൾ രാത്രി 8.30ന് ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ രാമങ്കരി കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൈനടി എസ്എച്ച്ഒ രാജീവിന്റെ നേതൃത്വത്തിൽ എസ്ഐ പി എസ് അംശു, സിപിഒമാരായ ജോൺസൺ, പ്രവീൺ, സനീഷ്, സുമേഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.