Fincat

ദുരന്തം കഴിഞ്ഞ് 91 ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ് വിരാട് കോലി; നിങ്ങളുടെ നഷ്ടം എന്റേതു കൂടിയാണ്, കുറിപ്പ് പങ്കിട്ട് ആര്‍സിബി

ഐപിഎല്‍ കിരീടം നേടിയ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിജയാഘോഷ യാത്രക്കിടെയുണ്ടായ തിക്കിലും തിരക്കിലുംപെട്ട് 11 പേര്‍ മരിക്കുകയും 56 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ദുരന്തത്തില്‍ മൂന്ന് മാസങ്ങള്‍ക്ക് ശേഷം മൗനം വെടിഞ്ഞ് ആര്‍സിബി താരവും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനുമായ വിരാട് കോലി. 2025 ജൂണ്‍ നാലിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ ദുരന്തത്തില്‍ ആര്‍സിബി അധികൃതര്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കോലിയുടെ കുറിപ്പ് വന്നിരിക്കുന്നത്. റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു അവരുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലില്‍ പങ്കിട്ട സന്ദേശത്തില്‍ കോലി പറയുന്നു. ”ജൂണ്‍ നാല് പോലുള്ള ഒരു ഹൃദയഭേദകമായ നിമിഷം പോലെ ജീവിതത്തില്‍ മറ്റൊന്നുമുണ്ടായിട്ടില്ല. ഞങ്ങളുടെ ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം ദാരുണമായി മാറി. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും പരിക്കേറ്റ ഞങ്ങളുടെ ആരാധകര്‍ക്കും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. നിങ്ങളുടെ നഷ്ടം ഇപ്പോള്‍ ഞങ്ങളുടെ കൂടിയാണ്. കരുതലോടെയും ബഹുമാനത്തോടെയും ഉത്തരവാദിത്തത്തോടെയും നമ്മള്‍ മുന്നോട്ട് പോകും.”

ജൂണ്‍ നാലിലെ തിക്കിലും തിരക്കിലും പെട്ടതുപോലുള്ള അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ഭാവിയില്‍ മികച്ച ജനക്കൂട്ട നിയന്ത്രണം ഉറപ്പാക്കുന്നതിനായി രൂപവത്കരിച്ച ‘ആര്‍സിബി കെയേഴ്‌സ്’ സംരംഭത്തിന്റെ ഭാഗമാണ് സംഭവത്തെക്കുറിച്ചുള്ള കോഹ്ലിയുടെ പ്രസ്താവനയെന്നാണ് കരുതുന്നത്. സംഭവത്തില്‍ 84 ദിവസത്തിന് ശേഷം ആര്‍സിബിയും സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. ആരാധകരുടെ അടക്കം സുരക്ഷക്കായി ആര്‍സിബി കെയേഴ്‌സ് ആരംഭിച്ചതായി ഫ്രാഞ്ചൈസി കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു.