കമ്പളക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മാരകമയക്കുമരുന്നായ എം.ഡി.എം.എയും കഞ്ചാവുമായി യുവാവിനെ പൊലീസ് പിടികൂടി. 1.25 ഗ്രാം എംഡിഎംഎയും, 0.870 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പനമരത്തിനടുത്ത കമ്പളക്കാട് മടക്കിമല സ്വദേശി ചെറുവനശ്ശേരി അജ്‌നാസ് (32) നെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളില്‍ നിന്നും എംഡിഎംഎ ഉപയോഗിക്കുന്നതിനുള്ള ഹുക്കയും മറ്റും കണ്ടെടുത്തിട്ടുണ്ട്. എസ്ഐമാരായ വി. രാജു, രാംലാല്‍, പൊലീസ് ഉദ്യോഗസ്ഥരായ എം.എ. ശിഹാബ്, എ.കെ. കൃഷ്ണദാസ്, പി. നിഷാദ്, അജികുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. അജ്‌നാസ് മുമ്പും സമാന കേസുകളില്‍ പോലീസിന്റെയും എക്‌സൈസിന്റെയും പിടിയിലായിട്ടുള്ളതായി പോലീസ് പറഞ്ഞു.
ആളൊഴിഞ്ഞ വീട്ടില്‍ രാത്രി ചീട്ടുകളി; 25 പേര്‍ പിടിയില്‍
കല്‍പ്പറ്റ: വൈത്തിരി പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്‍പ്പെട്ട പൊഴുതനയില്‍ പണം വെച്ച് ചീട്ടുകളിച്ച 25 പേരെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി പൊഴുതന പെരുങ്കോടയിലെ കെട്ടിടത്തിനുള്ളില്‍ ചീട്ടുകളിച്ചവരെയാണ് എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. 52,330 രൂപ സംഭവസ്ഥലത്ത് നിന്ന് പിടിച്ചെടുത്തു. ഈ മേഖലയില്‍ സ്ഥിരമായി പണം വെച്ചുള്ള ചീട്ടുകളി നടക്കുന്നതായി പരാതിയുണ്ടായിരുന്നു.