അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇരട്ടി തീരുവ ഇന്ത്യയുടെ വളർച്ചയെ ബാധിക്കുമെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി അനന്ത നാഗേശ്വരൻ. നടപ്പു സാമ്പത്തിക പാദത്തിൽ ഇത് പ്രതിഫലിക്കുമെന്നും എന്നാൽ ഏറെക്കാലം ഇത് നിൽക്കില്ലെന്നും വി അനന്ത നാഗേശ്വരൻ പറഞ്ഞു. ഇന്ത്യയിലെയും ചൈനയിലെയും നേതൃത്വങ്ങളെ ദുർബലപ്പെടുത്താൻ യുഎസ് നോക്കുന്നെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ പ്രതികരിച്ചു. ഇത് കൊളോണിയൽ കാലം അല്ലെന്നും പുടിൻ പറഞ്ഞു.
താരിഫുകളും ഉപരോധങ്ങളുമായി ഇന്ത്യയെയും ചൈനയെയും ഭീഷണിപ്പെടുത്താൻ ശ്രമിക്കരുതെന്ന് പുടിൻ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ത്യയോടും ചൈനയോടും നിങ്ങൾ അങ്ങനെ സംസാരിക്കരുതെന്നും ഷാങ്ഹായ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ പുടിൻ പറഞ്ഞു. രണ്ട് ഏഷ്യൻ ശക്തികളെ ദുർബലപ്പെടുത്തുന്നതിനുള്ള തന്ത്രമായാണ് ട്രംപ് ഭരണകൂടം സാമ്പത്തിക സമ്മർദ്ദങ്ങൾ ഉപയോഗിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ത്യയെയും ചൈനയെയും ‘പങ്കാളികൾ’ എന്ന് വിശേഷിപ്പിച്ച പുടിൻ, യുഎസ് താരിഫ് ഭരണകൂടം ഈ രാജ്യങ്ങളുടെ നേതൃത്വത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്ന് പറഞ്ഞു. ‘1.5 ബില്യൺ ജനങ്ങളുള്ള ഇന്ത്യയെയും ശക്തമായ സാമ്പത്തിക ശക്തിയായ ചൈനയെയും പോലുള്ള രാജ്യങ്ങൾക്ക് അവരുടേതായ ആഭ്യന്തര രാഷ്ട്രീയ സംവിധാനങ്ങളും നിയമങ്ങളുമുണ്ട്. ആരെങ്കിലും നിങ്ങളെ ശിക്ഷിക്കാൻ പോകുന്നുവെന്ന് പറയുമ്പോൾ, അത്തരം വലിയ രാജ്യങ്ങളിലെ നേതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന് ചിന്തിക്കണമെന്നും പുടിൻ പറഞ്ഞു.
അതേസമയം, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്ന ഇന്ത്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും അദ്ദേഹം സൂചന നൽകി. ‘രണ്ടാഴ്ച മുമ്പ് ഞാൻ പറഞ്ഞു, ഇന്ത്യ എണ്ണ വാങ്ങിയാൽ ഇന്ത്യക്ക് വലിയ പ്രശ്നങ്ങളുണ്ടാകും. അതാണ് ഇപ്പോൾ സംഭവിച്ചത്. ഇത് റഷ്യക്ക് കോടിക്കണക്കിന് ഡോളറിൻ്റെ നഷ്ടമുണ്ടാക്കി’ ട്രംപ് പറഞ്ഞു. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവുമായി ഉപരോധങ്ങൾ ഇപ്പോഴും ആലോചനയിലാണ് എന്നും ട്രംപ് കൂട്ടിച്ചേർക്കുന്നു. വാഷിംഗ്ടണിന്റെ നിലപാടുകൾ പഴയ കൊളോണിയൽ ചിന്താഗതിയുടെ പ്രതിഫലനമാണെന്ന് പുടിൻ ചൂണ്ടിക്കാട്ടി. ‘കൊളോണിയൽ കാലഘട്ടം അവസാനിച്ചു. പങ്കാളികളോട് സംസാരിക്കുമ്പോൾ ഭീഷണിയുടെ വാക്കുകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് തിരിച്ചറിയണം’ അദ്ദേഹം പറഞ്ഞു.