ഖുർആൻ തൊട്ട് സത്യം ചെയ്യണം, പി.കെ. ഫിറോസിനെ വെല്ലുവിളിച്ച് കെ.ടി. ജലീല്‍
മലപ്പുറം : യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസിനെ വെല്ലുവിളിച്ച് മുൻമന്ത്രി കെ.ടി. ജലീൽ എം.എൽ.എ. ബന്ധുനിയമന വിവാദത്തിൽ തനിക്കെതിരായ ലോകായുക്ത വിധി ജസ്റ്റിസ് സിറിയക് ജോസഫിനെ സ്വാധീനിച്ചു നേടിയതാണെന്നും അല്ലെന്നാണെങ്കിൽ ഫിറോസ് ഖുർആൻ തൊട്ട് സത്യം ചെയ്യണമെന്നും ഖുർആൻ ഉയർത്തി കെ.ടി.ജലീൽ വെല്ലുവിളിച്ചു.
”ഐസ്ക്രീം പാർലർ കേസിൽ പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കിയത് സിറിയക് ജോസഫ് ഹൈക്കോടതി ജഡ്ജിയായിരിക്കുമ്പോഴാണ്. ലീഗ് നേതാക്കൾ സിറിയക് ജോസഫിനെ ഏറെ സഹായിച്ചിട്ടുണ്ട്. തനിക്കെതിരായ ബന്ധുനിയമനക്കേസിൽ ലീഗ് നേതാക്കൾ സിറിയക് ജോസഫിനെ സ്വാധീനിച്ചു”. താൻ നിരപരാധിയാണെന്നും മന്ത്രിയായിരിക്കുമ്പോൾ ബന്ധുനിയമനത്തിൽ താൻ ഒരു തെറ്റും ചെയ്തിട്ടില്ലെന്നും വാർത്താസമ്മേളനത്തിൽ ഖുർആനിൽ തൊട്ട് സത്യം ചെയ്ത് ജലീൽ വ്യക്തമാക്കി.
ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷൻ ജനറൽ മാനേജറായി ബന്ധുവായ കെ.ടി. അദീപിനെ നിയമിച്ചതാണ് ജലീലിന് മന്ത്രിസ്ഥാനം നഷ്ടപ്പെടാൻ കാരണം. കെടി അദീപ് ഇപ്പോള്‍ ബാങ്ക് ഓഫ് ബറോഡയുടെ കൊച്ചിയിലെ ചീഫ് മാനേജരാണെന്നും ജലീല്‍ പറഞ്ഞു.
യൂത്ത് ലീഗ് ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഫിറോസിനെ മാറ്റിയാൽ മാത്രമേ മാങ്കൂട്ടത്തിൽ വിഷയത്തിൽ കോൺഗ്രസ് കാണിച്ച മാന്യതയുടെ അടുത്തെങ്കിലും ലീഗിന് എത്താൻ സാധിക്കൂ എന്നും ജലീൽ പറഞ്ഞു.
യുഡിഎഫിന്റെ യുവജന നേതാക്കൾ രാഷ്ട്രീയരംഗത്ത് പുതിയ മാഫിയാ സംസ്കാരം കൊണ്ടുവരികയാണെന്ന് കെ.ടി. ജലീൽ ആരോപിച്ചു. ഇത് വളരെ അപകടകരമായ പ്രവണതയാണെന്നും, പണമുണ്ടെങ്കിൽ എന്തും ചെയ്യാമെന്ന ധിക്കാര മനോഭാവമാണ് രാഹുൽ മാങ്കൂട്ടത്തിൽ അടക്കമുള്ളവർ കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യൂത്ത് കോൺഗ്രസ് വയനാട്ടിൽ വീട് വെക്കാൻ പണം പിരിച്ചത് വിവാദമായെന്നും, യൂത്ത് ലീഗ് പണം പിരിച്ചാൽ നേതാക്കൾ പുതിയ കച്ചവട സ്ഥാപനങ്ങൾ തുടങ്ങുന്ന കാഴ്ചയാണ് പിന്നീട് കാണാറുള്ളതെന്നും ജലീൽ മാധ്യമങ്ങളോട് പറഞ്ഞു.