തച്ചമ്പാറയിൽ യുവാവിന് കുത്തേറ്റ സംഭവത്തിൽ 2 പേർ പൊലീസിന്റെ പിടിയിൽ. വിഷ്ണു ദാസ്(28), ബാലു ദാസ്(32) എന്നിവരെയാണ് കല്ലടിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം 3 ന് ആണ് സംഭവം. തച്ചമ്പാറ മുതുകുറിശ്ശി കിരാതമൂർത്തി അമ്പലത്തിലെ ഓണാഘോഷം കഴിഞ്ഞ് അമ്പലപ്പടി ജംഗ്ഷനിൽ വച്ച് നടന്ന സംഘർഷത്തിലാണ് സതീഷിന് കുത്തേറ്റത്. അമ്പലപ്പറമ്പിൽ വച്ച് ഡാൻസ് ചെയ്യുന്നതിനിടെ തോളിൽ തട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കളാശിച്ചത്. വൈരാഗ്യത്തെത്തുടർന്ന് വിഷ്ണു ദാസ് മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് സതീഷിന്റെ നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നു. പ്രതികൾക്കെതിരെ വധ ശ്രമത്തിന് കേസ് എടുത്തിട്ടുണ്ട്.
കല്ലടിക്കോട് ഇൻസ്പെക്ടർ സജി ജി.എസിന്റെ നേതൃത്വത്തിൽ ജി എസ് ഐ ബാലകൃഷ്ണൻ, എസ് സി പി ഒ ഉദയൻ, സി പി ഒ കാർത്തിക്, ജി എസ് സി പി ഒ കൃഷ്ണ ദാസ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.