Fincat

മലപ്പുറം: മലപ്പുറം കക്കാടംപൊയിലിൽ വനത്തിനുള്ളിൽ എക്സൈസിന്‍റെ വൻ ചാരായ വേട്ട. 35 ലിറ്റർ കൊള്ളുന്ന മൂന്ന് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന 95 ലിറ്റർ ചാരായം പിടിച്ചെടുത്തു. നിലമ്പൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ടി എച്ച് ഷെഫീക്കിന്‍റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.കനത്ത മഴയിലും കാറ്റിലും അട്ട കടിയേറ്റ് ദുരിത യാത്ര ചെയ്താണ് എക്സൈസ് സംഘം ചാരായം സൂക്ഷിച്ചിരുന്ന സ്ഥലത്ത് എത്തിയത്. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ റെജി തോമസ്, പ്രിവന്‍റീവ് ഓഫീസർമാരായ വി സുഭാഷ്, സി അബ്ദുൾ റഷീദ്, സിവിൽ എക്സൈസ് ഓഫീസർമാരായ എം രാജേഷ്, എബിൻ സണ്ണി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ഇ ഷീന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.

അതേസമയം, ഓണം സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായുള്ള പരിശോധനകളിൽ മലപ്പുറം പള്ളിക്കത്താഴത്ത് 5.21 ഗ്രാം മെത്താംഫിറ്റമിൻ കൈവശം വെച്ച സഹൽ ഇബ്നു അബ്ദുള്ള കെ പി (29) എന്നയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ എന്നും സംഘവും ചേർന്നാണ് മയക്കുമരുന്ന് പിടികൂടിയത്. കുറ്റിപ്പുറം എക്സൈസ് ഇൻസ്പെക്ടർ അഖിൽ ടി എം, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) ആസിഫ് ഇഖ്ബാൽ കെ, പ്രിവന്‍റീവ് ഓഫീസർ(ഗ്രേഡ്) പ്രഭാകരൻ പള്ളത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ വിനീത് കെ, വിപിൻ എം, വനിതാ സിവിൽ എക്സൈസ് ഓഫീസർ രൂപിക വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ മുഹമ്മദ് നിസാർ.എം എന്നിവർ പാർട്ടിയിൽ ഉണ്ടായിരുന്നു.

ആലപ്പുഴയിൽ 1.27 കിലോഗ്രാം കഞ്ചാവുമായി കരിമഞ്ചേരി സ്വദേശി ജസ്റ്റിൻ (42) എന്നയാളും പിടിയിലായി. ആലപ്പുഴ എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എ സെബാസ്റ്റ്യൻ, പ്രിവന്‍റീവ് ഓഫീസർ സി പി സാബു, സിവിൽ എക്സൈസ് ഓഫീസർമാരായ റെനി, അനിലാൽ, ജോൺസൻ, വനിത സിവിൽ എക്സൈസ് ഓഫീസർ ധനലക്ഷ്മി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ് എന്നിവർ കേസെടുത്ത സംഘത്തിൽ ഉണ്ടായിരുന്നു.