അട്ടപ്പാടി പുതൂരിൽ യുവാവിനെ വെട്ടിക്കൊന്ന കേസിൽ പ്രതി ഈശ്വരനെ (35) അറസ്റ്റ് ചെയ്ത് പുതൂർ പൊലീസ്. സംഭവ ശേഷം പ്രതി ഒളിവിലായിരുന്നു. ഓണത്തലേന്നായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കാട് അട്ടപ്പാടി പുതൂർ ആനക്കല്ല് ഉന്നതിയിലെ മണികണ്ഠനാണ് (24) കൊല്ലപ്പെട്ടത്. ഓണാഘോഷത്തിനിടെയുണ്ടായ തർക്കം ഒത്തുതീർപ്പാക്കിയതിൻറെ വൈരാഗ്യത്തിലാണ് കൊലപാതകം.
ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ആനക്കല്ല് ഉന്നതിയിലെ ഓണാഘോഷങ്ങൾക്കിടെ പ്രതി ഈശ്വരനും ഭാര്യയും തമ്മിൽ വാക്കു തർക്കമുണ്ടായിരുന്നു. ഇരുവരുടേയും പ്രശ്നങ്ങൾ പരിഹരിക്കാൻ നേതൃത്വം നൽകിയത് കൊല്ലപ്പെട്ട മണികണ്ഠനായിരുന്നു. ഇതിൻറെ വൈരാഗ്യം തീർക്കാൻ മദ്യപിച്ച്, കയ്യിൽ അരിവാളുമായെത്തി ഉന്നതിക്ക് മുന്നിലെ റോഡിലുണ്ടായിരുന്ന മണികണ്ഠനെ, ഈശ്വരൻ വെട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കഴുത്തിന് വെട്ടേറ്റ മണികണ്ഠൻ സംഭവസ്ഥലത്തു തന്നെ മരിച്ചു. സംഭവത്തിന് ശേഷം പ്രതിയായ ഈശ്വരൻ വനത്തിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ഡിവൈഎസ്പി ആർ അശോകൻ്റെ നേതൃത്വത്തിൽ പുതൂർ, അഗളി പൊലിസാണ് കേസന്വേഷിക്കുന്നത്. കൊല്ലപ്പെട്ട മണികണ്ഠൻറെ മൃതദേഹം ജില്ലാ ആശൂപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.