Fincat

സർക്കാർ ജോലികൾ വെട്ടികുറയ്ക്കും, അവശ്യവസ്തുക്കൾക്ക് വില കൂടും; അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് പ്രവചനം

അമേരിക്ക മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് പ്രവചനം.ക്രെഡിറ്റ് റേറ്റിംഗ് ഏജൻസിയായ മൂഡീസിലെ ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡിയാണ് പ്രവചനം നടത്തിയത്.

2008 – 09 സാമ്പത്തിക പ്രതിസന്ധിക്കുശേഷം ഏറ്റവും ദുർബലമായ വളർച്ചയാണ് അമേരിക്കയിലേതെന്നാണ് ചീഫ് ഇക്കണോമിസ്റ്റ് മാർക്ക് സാൻഡി പറയുന്നത്. 2008 ലെ സാമ്പത്തിക പ്രതിസന്ധി പ്രവചിച്ച ആദ്യ വ്യക്തികളിൽ ഒരാളാണ് മാർക്ക് സാൻഡി. അമേരിക്കയുടെ മൂന്നിലൊന്ന് സംസ്ഥാനങ്ങൾ ഇതിനകം മാന്ദ്യത്തിലോ അല്ലെങ്കിൽ മാന്ദ്യത്തിലേക്ക് നീങ്ങുകയോ ആണ്. മൊണ്ടാന, മിനസോട്ട, മിസിസിപ്പി, കൻസാസ്, മസാച്യുസെറ്റ്സ് എന്നി സംസ്ഥാനങ്ങളാണ് മാന്ദ്യം നേരിടുന്നത്. സാമ്പത്തിക സമ്മർദ്ദം വിലക്കയറ്റത്തിനും തൊഴിൽ അസ്ഥിരതയ്ക്കും കാരണമാകും. അമേരിക്കയിൽ അവശ്യവസ്തുക്കൾക്ക് വില വർധിക്കുമെന്നും സർക്കാർ ജോലികൾ വെട്ടിക്കുറയ്ക്കുമെന്നും മാർക്ക് സാൻഡി പറയുന്നു. വാർഷിക പണപ്പെരുപ്പം 4% ആയി ഉയരുമെന്നും ഉപഭോക്താക്കളുടെ വാങ്ങൽ ശേഷിയെ കൂടുതൽ ഇല്ലാതാക്കുമെന്നുമാണ് സാൻഡിയുടെ പ്രവചനം

അതേസമയം റഷ്യയെ സാമ്പത്തിക സമ്മർദ്ദത്തിലാക്കാൻ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കൂടുതൽ നികുതി ഏർപ്പെടുത്താനും അമേരിക്ക ആലോചിക്കുന്നു. ഇതിനായി അമേരിക്കയെ പിന്തുണയ്ക്കാൻ യൂറോപ്യൻ രാജ്യങ്ങളോട് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ആവശ്യപ്പെട്ടു. റഷ്യ ഉടൻ സാമ്പത്തികമായി തകരുമെന്നും സ്കോട്ട് ബെസെന്റ് പറഞ്ഞു. വീണ്ടും താരിഫ് ഉയർത്തിയാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വൻ തിരിച്ചടിയാകും. നിലവിൽ അൻപത് ശതമാനം അധിക തീരുവയാണ് അമേരിക്ക ഇന്ത്യയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്.