Fincat

ഡോക്ടർ എംഡിഎംഎയുമായി പിടിയിൽ

യുവ ഡോക്ടർ എംഡിഎംഎയുമായി പിടിയിലായി. പറവൂര്‍ വടക്കേക്കര സ്വദേശി അംജദ് അഹ്സാന്‍ ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 0.84 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസം പാലക്കാട് നിന്നും കഞ്ചാവുമായി ഒരു അഭിഭാഷകനും പിടിയിലായിരുന്നു.
യുക്രെയ്നിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ അംജദ് നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. എറണാകുളം ജനറൽ ആശുപത്രിയിലാണ് അംജദ് അഹസാൻ ഹൗഡ് സർജൻസി പൂര്‍ത്തിയാക്കിയത്. അംജദ് ലഹരി മരുന്ന് നിരന്തരം ഉപയോഗിക്കുന്നെന്ന വിവരത്തെ തുടർന്ന് കഴിഞ്ഞ ഒരുമാസമായി പൊലീസ് നിരീക്ഷണത്തിലായിരുന്നു.
മയക്കുമരുന്നു കൈമാറുന്നതിനിടെ ശ്രമിക്കുന്നതിനിടെ പുല്ലേപ്പടിയില്‍ വെച്ചാണ് ഇയാളെ പിടികൂടിയത്. അംജദിന്റെ കയ്യിൽനിന്ന് ഒരു ഗ്രാമില്‍ താഴെ മാത്രമുള്ള ലഹരിമരുന്നാണ് കണ്ടെത്തിയത്.അതിനാല്‍ എന്‍ഡിപിഎസ് ആക്ട് പ്രകാരം സ്റ്റേഷന്‍ ജാമ്യം ലഭിക്കും. എന്നാല്‍ പ്രതി ഒരു മെഡിക്കല്‍ പ്രൊഫഷണലായതിനാല്‍ കേസിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്നും എറണാകുളം നോര്‍ത്ത് പൊലീസ് പറഞ്ഞു.
ചില ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും ഇടയില്‍ മയക്കുമരുന്ന് ഉപയോഗമുള്ളതായി വിവരമുണ്ട്. എന്നാല്‍ തിരക്കേറിയ ആരോഗ്യ കേന്ദ്രങ്ങളില്‍ ഇത്തരം മയക്കുമരുന്ന് ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തുന്നത് പൊലീസിന് വലിയ വെല്ലുവിളിയായി മാറുകയാണ്. സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. നര്‍ക്കോട്ടിക് എസിപി കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ഇയാളെ അറസ്റ്റ് നടത്തിയത്.