Fincat

ആൺകുട്ടിയെ ഒപ്പം കൂട്ടി, ലോഡ്‌ജിൽ കൊണ്ടുപോയി പീഡിപ്പിച്ചു

കോഴിക്കോട്: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലം സ്വദേശിയായ പാലക്കാട്ട് വീട്ടില്‍ സൈനുദ്ദീനെ(42)യാണ് കോഴിക്കോട് ടൗണ്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ബീച്ചിൽ വച്ച് പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ച കേസിൽ പീഡനത്തിന് ഇരയായ കുട്ടിയുടെ പരാതിയിലാണ് അറസ്റ്റ്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്
കഴിഞ്ഞ ദിവസം പുലർച്ചെയോടെ സൈനുദ്ദീൻ കോഴിക്കോട് ബീച്ചില്‍ എത്തിയിരുന്നു. ഇവിടെ വച്ച് കാസര്‍കോട് സ്വദേശിയായ പ്രായപൂർത്തിയാകാത്ത ആണ്‍കുട്ടിയെ പരിചയപ്പെട്ടു. കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി, കുട്ടിയെ ഒപ്പം കൂട്ടി കാറില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ചാണ് ലൈംഗികാതിക്രമം നടത്തിയത്. കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പൊലീസ് നടപടി സ്വീകരിച്ചത്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് സൈനുദ്ദീന്‍ എന്ന് പോലീസ് അറിയിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിരവധി വീടുകളില്‍ അതിക്രമിച്ച് കയറി സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചതിന് ഇയാളുടെ പേരില്‍ കേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ടൗണ്‍ എസ്‌ഐ സജി ഷിനോബ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ പ്രശോഭ്, സിവില്‍ പോലീസ് ഓഫീസര്‍ ജിനേഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്.