
ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ഇസ്രായേൽ നടത്തിയ വ്യോമാക്രമണം മിഡില്‍ ഈസ്റ്റില്‍ ഒരു ഭൂകമ്പത്തിന് തന്നെ കാരണമായിരിക്കുകയാണ്. മുതിര്‍ന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്റെ ആക്രമണം. യുഎസിന്റെ പ്രധാന സഖ്യകക്ഷിയും ഗാസയിലെ വെടിനിര്‍ത്തല്‍ ചർച്ചയിൽ മധ്യസ്ഥത വഹിക്കുകയും ചെയ്യുന്ന ഒരു ഗള്‍ഫ് രാജ്യത്തിനെതിരേയുള്ള അപ്രതീക്ഷിതമായ ആക്രമണം മിഡില്‍ ഈസ്റ്റില്‍ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്. ദോഹയുടെ ആകാശത്തിന് മുകളില്‍ പുക ഉയരുന്നുമ്പോള്‍ അതിനൊപ്പം ചില ചോദ്യങ്ങള്‍ കൂടി ഉയര്‍ന്നുവരികയാണ്. ഇസ്രായേൽ എന്തിനാണ് ഇത്തരമൊരു ആക്രമണം നടത്തിയത്? ഇതിനോടകം തന്നെ അസ്ഥിരമായ മിഡില്‍ ഈസ്റ്റില്‍ ഈ ആക്രമണം പിരിമുറുക്കം വര്‍ധിപ്പിക്കുന്നതെങ്ങനെ? അടിയന്തര സാഹചര്യമില്ലാതിരുന്നിട്ടും ഇസ്രായേൽ പരമാധികാര രാഷ്ട്രങ്ങളെ ആക്രമിക്കുന്നത് എന്തിനാണ്? തങ്ങളെ ആരും ശിക്ഷിക്കില്ലെന്ന ധാരണയോടെ അവര്‍ പ്രവര്‍ത്തിക്കുന്നത് എന്തുകൊണ്ട്?
ഖത്തറിനെ ഇസ്രയേല്‍ ആക്രമിച്ചത് എന്തുകൊണ്ട്?
2012 മുതല്‍ ദോഹ ആസ്ഥാനമായി നടക്കുന്ന മധ്യസ്ഥ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കുന്ന ഖലീല്‍ അല്‍-ഹയ്യ ഉള്‍പ്പെടെയുള്ള ഹമാസിന്റെ രാഷ്ട്രീയ നേതൃത്വത്തെ ലക്ഷ്യം വെച്ച് ഇസ്രായേൽ നടത്തിയ മിന്നലാക്രമണമായിരുന്നു അത്. 15 യുദ്ധവിമാനങ്ങളും 10 യുദ്ധ ഉപകരണങ്ങളും ഉപയോഗിച്ച് നടത്തിയ ഈ ഓപ്പറേഷനില്‍ ഒരു പെട്രോള്‍ സ്റ്റേഷന് സമീപമുള്ള താമസസ്ഥലമാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തില്‍ ഖത്തറി സുരക്ഷാ ഉദ്യോഗസ്ഥനും അല്‍-ഹയ്യയുടെ മകനും ഉള്‍പ്പെടെ ആറ് പേരാണ് കൊല്ലപ്പെട്ടത്. തങ്ങളുടെ ഉന്നത നേതാക്കള്‍ ആക്രമണത്തില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് ഹമാസ് അവകാശപ്പെട്ടു.
2023 ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തില്‍ 1200 ഇസ്രായേലികള്‍ കൊല്ലപ്പെടുകയും 251 പേരെ ബന്ദികളാക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച ജറുസലേമില്‍ ഹമാസിന്റെ അല്‍-ഖസ്സാം ബ്രിഗേഡുകള്‍ നടത്തിയ വെടിവെപ്പില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമെന്നോണമാണ് ഖത്തറിനുനേരെ നടത്തിയ ആക്രമണം.
ഖത്തറിനെതിരേ ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ സമയവും ലക്ഷ്യവും കൂടുതല്‍ ആഴത്തിലുള്ള ഒരു കഥ പറയുന്നുണ്ട്. വര്‍ഷങ്ങളായി ഹമാസും ഇസ്രായേലുമായി നടന്നുവരുന്ന പരോക്ഷ ചര്‍ച്ചകള്‍ക്ക് ഖത്തറാണ് സൗകര്യമൊരുക്കി വരുന്നത്. സെപ്റ്റംബര്‍ 9ന് ഹമാസ് നേതാക്കള്‍ ദോഹയില്‍ യുഎസ് പിന്തുണയോടെ ഒരു ചര്‍ച്ചയില്‍ പങ്കെടുത്തുവരികയായിരുന്നു. ആക്രമണം നടത്തിയതോടെ ഇത് സമാധാന ശ്രമങ്ങള്‍ക്ക് മേലുള്ള നേരിട്ടുള്ള പ്രഹരമായി മാറി. ഹമാസിനെ തളര്‍ത്താനുള്ള പൂര്‍ണമായും ന്യായീകരിക്കപ്പെട്ട നടപടിയാണിതെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. വിദേശരാജ്യങ്ങളിലുള്ള ഹമാസ് നേതാക്കളെ ലക്ഷ്യമിടുന്നുണ്ടെന്ന് ആഴ്ചകള്‍ക്ക് മുമ്പ് ഇസ്രായേലിന്റെ സൈനിക മേധാവി ലെഫ്റ്റനന്റ് ജനറല്‍ ഇയാള്‍ സമീര്‍ പ്രഖ്യാപിച്ചിരുന്നു. സുരക്ഷിത താവളമായി ഹമാസ് കണക്കാക്കിയിരുന്ന ദോഹ പോലും തൊട്ടുകൂടാത്തതല്ലെന്ന് തെളിയിക്കാനുള്ള ഇസ്രായേലിന്റെ ധീരമായ തിരഞ്ഞെടുപ്പായിരുന്നു അത്.
ഹമാസ്, ഹിസ്ബുള്ള, യെമനിലെ ഹൂതികള്‍ എന്നിവ ഉള്‍പ്പെടുന്ന ഇറാന്റെ പ്രതിരോധ അച്ചുതണ്ട് ദുര്‍ബലപ്പെടുത്താനുള്ള ഇസ്രായേലിന്റെ തന്ത്രം കൂടിയാണ് ഇതെന്ന് വിലയിരുത്തപ്പെടുന്നു. ഇറാനുമായുള്ള ഖത്തറിന്റെ ബന്ധവും ഹമാസിനെ സഹായിക്കുന്നതും ആക്രമണത്തിന്റെ ഒരു പ്രതീകാത്മക ലക്ഷ്യമാക്കി മാറ്റി. ദോഹയെ ആക്രമിക്കുന്നത് ഹമാസിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുമെന്നും ഇസ്രായേൽ കരുതി. ഗാസയില്‍ ഇപ്പോഴും ഇസ്രയേലികളെ ബന്ധികളാക്കി വെച്ചിരിക്കുന്നത് തുടരുകയാണ്. യുദ്ധം കൈകാര്യം ചെയ്യുന്നതിനെതിരേ നെതന്യാഹുവിനെതിരേ പ്രതിഷേധങ്ങള്‍ ശക്തമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇസ്രായേലിന്റെ ഉള്ളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ കുറയ്ക്കാനും ആക്രമണം ലക്ഷ്യം വയ്ക്കുന്നു.
