Fincat

ട്രംപിന്റെ പുതിയ താരിഫ് നയം കേരളത്തെ ബാധിക്കുന്നത് എങ്ങനെ? നിയമ സഭയിൽ വിശദീകരിച്ച് ധനമന്ത്രി

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏറെ സ്വാധീനമുള്ള മേഖലകളെ അമേരിക്കയുടെ പുതിയ താരിഫ് നയം ബാധിക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സമുദ്രോല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കശുവണ്ടി, കയര്‍, തേയില തുടങ്ങിയ മേഖലകളില്‍ താരിഫ് നയം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. നിയമ സഭയിൽ പിപി ചിത്തരഞ്ജന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ ഏകദേശം 12-13 ശതമാനം കേരളത്തില്‍ നിന്നാണ്. നിലവിലുള്ള കൗണ്ടര്‍ വെയിലിംഗ് തീരുവകള്‍ക്ക് പുറമേ യു.എസ് ആന്റി ഡമ്പിംഗ് തീരുവകള്‍ 1.4 ശതമാനത്തില്‍ നിന്ന് 4.5 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 20-25 ശതമാനം പിഴ തീരുവ ചെമ്മീന്റെ മൊത്തം തീരുവ ഭാരം 33 ശതമാനത്തിലധികമായി ഉയര്‍ത്തുന്നു. ഇതുമൂലം അമേരിക്കയില്‍ നിന്നുള്ള ഓര്‍ഡറുകള്‍ റദ്ദാക്കല്‍, കോള്‍ഡ് സ്റ്റോറേജുകളിലെ സ്റ്റോക്ക് കുമിഞ്ഞ് കൂടല്‍, സംസ്കരണ സംവിധാനങ്ങളുടെ ഉപയോഗ നിരക്ക് 20 ശതമാനത്തില്‍ താഴെയായി കുറയല്‍ തുടങ്ങിയ പ്രത്യാഘാതങ്ങളാണുണ്ടാകുന്നത്. ദശലക്ഷങ്ങളാണ് ഈ മേഖലയില്‍ പണിയെടുക്കുന്നത്. ചെമ്മീന്‍ സംസ്കരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള തൊഴിലാളികളില്‍ ഭൂരിഭാഗവും വനിതകളുമാണ്. ഇവരുടെ ഉപജീവന മാര്‍ഗ്ഗം നേരിട്ട് ഭീഷണിയിലാകും. തീരദേശ മേഖലയില്‍ വലിയ തോതിലുള്ള തൊഴില്‍ നഷ്ടം സൃഷ്ടിക്കും. ചെറുകിട ഇടത്തരം സംസ്കരണക്കാരുടെ നിലനില്‍പ്പ് ഭീഷണിയിലാകുമെന്നും മന്ത്രി വിശദീകരിച്ചു.

ഇന്ത്യയുടെ കുരുമുളക് കയറ്റുമതിയുടെ 80 ശതമാനത്തിലധികം കേരളത്തില്‍ നിന്നാണ്. ഏലം, ഇഞ്ചി, സുഗന്ധ വ്യഞ്ജന എണ്ണകള്‍, ഒലിയോറെസീനുകള്‍ തുടങ്ങിയ മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ വലിയൊരു പങ്കും ഇവിടെ നിന്നാണ്. പ്രതിവര്‍ഷം 700 മില്യണ്‍ യു.എസ്. ഡോളറിലധികം മൂല്യമുള്ള സുഗന്ധവ്യഞ്ജന ഉല്‍പ്പന്നങ്ങള്‍ അമേരിക്ക ഇറക്കുമതിചെയ്യുന്നുണ്ട്. നിലവിലുള്ള തീരുവകള്‍ ഘട്ടം ഘട്ടമായി 50 ശതമാനമായി ഉയര്‍ത്തിയത് കേരളത്തിന്റെ മത്സരശേഷി ദുര്‍ബലപ്പെടുത്തും. താരിഫ് പ്രഖ്യാപനത്തിന് ശേഷമുള്ള മാസങ്ങള്‍ ഓര്‍ഡറുകളില്‍ 6 ശതമാനം കുറവുണ്ടായതായി കയറ്റുമതിക്കാര്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ നമുക്ക് വലിയ ഭീഷണിയുമാകുന്നുണ്ടെന്നും മന്ത്രി.

പരമ്പരാഗത മേഖലയിലെ കശുവണ്ടി, കയര്‍, കൈത്തറി തുടങ്ങിയവയെല്ലാം ഭീഷണി നിഴലിലാണ്. നമ്മുടെ കശുവണ്ടിപരിപ്പ് കയറ്റുമതിയ്ക്ക് വിയറ്റ്നാം അടക്കം വലിയ വെല്ലുവിളിയാകും. താരിഫ് വര്‍ദ്ധനവ് മൂലം ഉപയോഗത്തില്‍ ഉണ്ടാകാവുന്ന ഇടിവ് കയര്‍ മേഖലയ്ക്ക് ഭീഷണിയാണ്. നമ്മുടെ കരകൗശല ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കയിലെ ചില പ്രത്യേക വിപണികളില്‍ വലിയ സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ ഉയര്‍ന്ന താരിഫ് ഈ സാധ്യതകള്‍ ഇല്ലാതാക്കുകയാണ്. ഏകദേശം 700 കോടി വിലമതിക്കുന്ന കേരളത്തിന്റെ തേയില കയറ്റുമതിയ്ക്ക് യു.എസ് വിപണിയുമായി അടുത്ത ബന്ധമുണ്ട്. അവിടെനിന്നുള്ള ഓര്‍ഡറുകളില്‍ കുത്തനെ ഇടിവുണ്ടായിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന ഉല്‍പ്പാദന ചെലവുകളും കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായ ആഘാതങ്ങളും സമ്മര്‍ദ്ദത്തിലാക്കിയിട്ടുള്ള തേയില തോട്ടങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നതാണ് യു.എസ് താരിഫ് നയം എന്ന് മന്ത്രി ഓർമിപ്പിച്ചു.

കേരളത്തിന്റെ റബ്ബര്‍ കയറ്റുമതിയെയും താരിഫ് നയം ബാധിക്കും. മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ വഴി മാത്രമേ ഈ പ്രതിസന്ധി മറികടക്കാന്‍ കഴിയൂ എന്ന വിലയിരുത്തലുകളുമുണ്ട്. പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ക്ക് പുറമേ മെഡിക്കല്‍, ദന്തല്‍ ഉപകരണ കയറ്റുമതിയില്‍ കേരളത്തിന് ചെറിയ പങ്കുണ്ട്. ഇത് വളര്‍ന്നു വരുന്നൊരു മേഖലയാണ്. ഈ മേഖലകളെ കൂടുതല്‍ വികസിപ്പിക്കുന്നതിനാവശ്യമായ ഇടപെടലുകള്‍ വേണ്ടിവരുന്നു. അമേരിക്ക ചുമത്തിയ പിഴ താരിഫുകള്‍ കേരളത്തില്‍ വ്യാപാര തടസ്സത്തിനൊപ്പം വലിയ സാമ്പത്തിക ആഘാതവുമാണ്. താരിഫ് നയം മൂലം കയറ്റുമതി മേഖലയില്‍ 2500 മുതല്‍ 4500 കോടി രൂപവരെ വാര്‍ഷിക വരുമാന നഷ്ടമുണ്ടാകുമെന്നാണ് പ്രാഥിമിക വിലയിരുത്തല്‍. വ്യാപാര നികുതിയിലും കേന്ദ്ര കൈമാറ്റങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിലുമാണ് സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ മുന്നോട്ടുപോകുന്നത്. ജി.എസ്.ടി, പൊതുകടം വാങ്ങുന്നതിലുള്ള പരിധി നിശ്ചയിക്കല്‍, തനത് നികുതി വരുമാനം ഉയര്‍ത്തല്‍ സാധ്യതകളുടെ കുറവ് എന്നിവ മൂലം പരിമിതപ്പെട്ടിരിക്കുന്ന സംസ്ഥാനത്തിന്റെ വരുമാന മേഖല താരിഫ് നയം മൂലം ഉണ്ടാകുന്ന കയറ്റുമതിയുടെ ഇടിവില്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലാകും.

താരിഫ് നയം നേരിട്ട് ബാധിച്ച കയറ്റുമതി മേഖലയിലെ ജോലി സ്ഥിരത ഉറപ്പാക്കുന്നതിന് ആവശ്യമായ അടിയന്തിര നടപടികള്‍ വേണ്ടതുണ്ട്. പലിശയിളവോടെ കയറ്റുമതിക്കാര്‍ക്ക് കൂടുതല്‍ പ്രവര്‍ത്തന മൂലധനം ഉറപ്പാക്കല്‍, ഐ.ജി.എസ്.ടി റീഫണ്ടുകള്‍ വേഗത്തിലാക്കല്‍, ഊര്‍ജ്ജ സബ്സിഡികള്‍ ഉറപ്പാക്കല്‍, തൊഴിലാളികള്‍ക്ക് ഇടക്കാല ആശ്വാസ പാക്കേജുകള്‍ തുടങ്ങിയ അടിയന്തിര നടപടി നിര്‍ദ്ദേങ്ങളാണ് മുന്നോട്ടുവന്നിട്ടുള്ളത്.

അതേ സമയം, സംസ്ഥാനം നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ കേന്ദ്ര ധനകാര്യമന്ത്രിയെ നേരില്‍ കണ്ട് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി. 16-ാം ധനകാര്യ കമ്മീഷനെ കണ്ടും വിഷയം ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കമ്മീഷനു നല്‍കിയ ഉപ നിവേദനത്തിലും ഈ വിഷയങ്ങളും അതുമായി ബന്ധപ്പെട്ട് ഉണ്ടാകേണ്ട ശിപാര്‍ശകളും സംബന്ധിച്ചും വിശദീകരിച്ചിട്ടുണ്ട്. പലതരത്തിലുള്ള സ്വതന്ത്ര വ്യാപാര കരാറുകള്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണ്. അത് വലിയ തോതില്‍ നമ്മുടെ കാര്‍ഷിക, പരമ്പരാഗത മേഖലകളെ ബാധിച്ചേക്കാം. കയറ്റുമതി മേഖലയിലുണ്ടാകാവുന്ന വിഷയങ്ങള്‍ സംബന്ധിച്ച് കയറ്റുമതിക്കാരുമായി വ്യവസായ വകുപ്പ് ഒരുവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് & ടാക്സേഷന്‍ വിവിധ മേഖലയിലെ വിദഗ്ദ്ധരുമായി ഒരു റൗണ്ട് ടേബിള്‍ സംഘടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.