Fincat

സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു

തിരുവനന്തപുരം വർക്കലയിൽ സ്കൂളിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നു. വർക്കല മോഡൽ ഗവ. ഹയർ സെക്കന്‍ററി സ്കൂളിന് മുന്നിലാണ് സംഭവം. സ്കൂൾ വിടുന്നതിന് തൊട്ടു മുന്നേ ആയതുകൊണ്ട് വലിയ അപകടം ഒഴിവായി. കാത്തിരിപ്പ് കേന്ദ്രത്തിൽ ഉണ്ടായിരുന്ന കുട്ടികൾ ഷീറ്റ് പൊട്ടിവീഴുന്ന ശബ്ദം കേട്ട് ഓടി മാറി. അപകടത്തിൽ ആർക്കും പരിക്കില്ല. ബസ് കാത്തിരിപ്പ് കേന്ദ്രം തർകർച്ചയിലാണെന്ന് നഗരസഭയെ നേരത്തെ അറിയിച്ചിരുന്നുവെന്നും ആരും നടപടി എടുത്തില്ലെന്നും പിടിഎ പ്രസിഡന്റ്‌ ആരോപിക്കുന്നത്. മറ്റൊരു സംഭവത്തിൽ മാറനല്ലൂരിൽ സ്കൂൾ ബസിനടിയിലേക്ക് ബൈക്ക് ഇടിച്ച് കയറിയ യുവാവിന് അത്ഭുത രക്ഷ. ഇന്ന് രാവിലെ 8.30 മണിയോടെ പുന്നാവൂർ സ്വദേശി ജോസാ(29)ണ് മാറനല്ലൂർ കുന്നിൽ അപകടത്തിൽപ്പെട്ടത്. റോഡ് സൈഡിലെ വളവിൽ പാർക്ക് ചെയ്തിരുന്ന മീൻ വണ്ടിയെ ഓവർടേക്ക് ചെയ്തപ്പോഴാണ് മാറനല്ലൂർ ഹയർ സെക്കഡറി സ്കൂളിലെ ബസിനടിയിലേക്ക് ജോസ് വീണത്.

ബസിന്‍റെ ടയറിനടിയിലേക്കാണ് ബൈക്കടക്കം യുവാവ് തെറിച്ചുവീണതെങ്കിലും ബസ് പെട്ടന്ന് നിറുത്തിയതിനാൽ കാര്യമായ പരുക്കുണ്ടായില്ല.കാലിന് പരിക്കേറ്റ ജോസിനെ പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജോസ് ബൈക്കിൽ പോങ്ങുമൂട് നിന്ന് നെയ്യാറ്റിൻകര ഭാഗത്തേക്ക് പോകുകയായിരുന്നു. പുന്നാവർ ഭാഗത്തുനിന്ന് പോങ്ങുമൂടിലേക്ക് പോവുകയായിരുന്ന ബസുമാണ് അപകടത്തിൽ പെട്ടത്.