Fincat

‘ഇനി ഖത്തറിനെ ആക്രമിക്കില്ല’, ഇസ്രയേൽ ഉറപ്പു നൽകിയെന്ന് ട്രംപ്

ഇസ്രയേല്‍ ഇനി ഖത്തറിന് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഉറപ്പ് നൽകിയെന്ന് ട്രംപ് പറഞ്ഞു. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ പ്രതികരണം. അതേസമയം മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണം തന്നെ നേരത്തെ അറിയിച്ചെന്ന റിപ്പോര്‍ട്ടും ട്രംപ് തള്ളി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിന് 50 മിനുട്ട് മുമ്പ് ഈ വിവരം അമേരിക്കൻ പ്രസിഡന്‍റ് ട്രംപിനെ ബെഞ്ചമിൻ നെതന്യാഹു അറിയിച്ചെന്ന റിപ്പോര്‍ട്ടാണ് ട്രംപ് തള്ളിയത്. ഇസ്രയേൽ ആക്രമണത്തെക്കുറിച്ച് വൈറ്റ് ഹൗസിന് അറിവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇനിയും വിദേശത്ത് ആക്രമണം നടത്തുമെന്ന സൂചനയാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നൽകിയത്. സ്വയം പ്രതിരോധിക്കാൻ അവകാശമുണ്ടെന്നും അതിര്‍ത്തി കടന്നും അത്തരം പ്രതിരോധമുണ്ടാകുമെന്നുമാണ് നെതന്യാഹു വ്യക്തമാക്കിയത്. അതിര്‍ത്തി കടന്നും സ്വയം പ്രതിരോധിക്കാനുള്ള രാജ്യത്തിന്‍റെ അവകാശം വിനിയോഗിക്കുമെന്നും ഹമാസിന് ഒരിടത്തും സംരക്ഷണമില്ലെന്നും നെതന്യാഹു വ്യക്തമാക്കി.

അറബ്, ഇസ്ലാമിക് ഐക്യത്തിന് വഴിയൊരുക്കി ഉച്ചകോടി

അറബ്, ഇസ്ലാമിക് ഐക്യത്തിൽ വലിയ ചലനങ്ങൾക്ക് വഴിയൊരുക്കുന്നതായിരുന്നു ഖത്തറിൽ സമാപിച്ച അടിയന്തര ഉച്ചകോടി. ചർച്ചയിൽ നേതാക്കളുയർത്തിയ നിർദേശങ്ങളും പ്രധാന നേതാക്കളുടെ നേരിട്ടുള്ള പങ്കാളിത്തവും മേഖലയുടെ ശക്തമായ വികാരത്തിന്റെ പ്രതിഫലനമായി. ഇന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഖത്തറിലെത്തും. പ്രതിരോധ സഹകരണം വാഗ്ദാനം ചെയ്ത് തുർക്കിയും ഇസ്രയേലിനെ ഒന്നിച്ച് നേരിടാൻ ആഹ്വാനം ചെയ്ത് ഇറാനും ഉച്ചകോടിയിൽ നിലപാടെടുത്തു. ജിസിസി കൗൺസിൽ ഡിഫൻസ് കൗൺസിൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചു. അറബ് – ഇസ്ലാമിക് ലോകത്തെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് ഐക്യത്തിന്‍റെ ശക്തി പ്രകടനമായി മാറുകയായിരുന്നു ദോഹയിലെ ഉച്ചകോടി. ഇറാൻ പ്രസിഡന്‍റ് ഉച്ചകോടിക്ക് നേരിട്ടെത്തിയതും ശ്രദ്ധേയമായി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായി മുഹമ്മദ് ബിൻ സൽമാൻ ഇറാൻ, സിറിയ പ്രസിഡന്‍റുമാരെ പ്രത്യേകം കണ്ടു. ഭാവി വെല്ലുവിളികളെ നേരിടാൻ പ്രതിരോധ സഹകരണം തുർക്കി വാഗ്ദാനം ചെയ്തു. അറബ് – ഇസ്ലാമിക് ലോകത്തെ ഒരാളെ ആക്രമിച്ചാൽ അത് കൂട്ടായ്മയിലെ എല്ലാ രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കാൻ നിർദേശമുയർന്നു. അബ്രഹാം കരാറിനെ ഉൾപ്പെടെ ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. പ്രതിരോധ രംഗത്ത് ഉള്‍പ്പെടെ ഒന്നിച്ച് നിന്ന് ചെറുക്കാനും ജിസിസി കൂട്ടായ്മ തീരുമാനിച്ചു. ഉച്ചകോടിക്ക് പിന്നാലെ ഇന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഖത്തറിലെത്തും. ഖത്തറിന് പിന്തുണ അറിയിച്ചേക്കും. ഇസ്രയേൽ സന്ദർശനത്തിന് ശേഷമാണ് മാർക്കോ റൂബിയോ ഖത്തറിലെത്തുന്നത്. എന്താകും ഖത്തർ നേതാക്കളുടെ മുന്നിൽ വെച്ചെടുക്കുന്ന പരസ്യ നിലപാടെന്നത് ശ്രദ്ധേയമാണ്.