കുപ്രസിദ്ധ ഗുണ്ടയും വധശ്രമകേസിലെ പ്രതിയുമായ മില്‍ജോയെ കാപ്പ ചുമത്തി തടങ്കലിലാക്കി. ആളൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഗുണ്ടയായ മുരിയാട് വില്ലേജിലെ മില്‍ജോ (29)യെ ആണ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്യത്. ആറു മാസത്തേക്ക് ജയിലിലടക്കുന്നതിന് വേണ്ടി നടപടിക്രമങ്ങള്‍ക്ക് ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കും.
ആളൂര്‍ പോലീസ് സ്റ്റേഷന്‍ റൗഡിയായ മില്‍ജോക്ക് മയക്കുമരുന്ന് വില്‍പ്പന നടത്തിയതിന് തൃശൂര്‍ മെഡിക്കല്‍ കോളജ് പോലീസ് സ്റ്റേഷനിലും ആളൂര്‍ പോലീസ് സ്റ്റേഷനിലും ഇരിങ്ങാലക്കുടയിലും കേസുകളുണ്ട്. കൂടാതെ ആളൂര്‍ പോലീസ് സ്റ്റേഷനില്‍ ഒരു വധശ്രമ കേസും അടിപിടി കേസും അടക്കം 11 ക്രിമിനല്‍ കേസുകളിലെ പ്രതിയാണ്. ആളൂര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ബി. ഷാജിമോന്‍, സബ് ഇന്‍സ്‌പെക്ടര്‍ ജോര്‍ജ്ജ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ജിബിന്‍, ആഷിക്, ശ്രീജിത്ത് എന്നിവരാണ് കാപ്പ ചുമത്തി ഉത്തരവ് നടപ്പാക്കിയത്.
തൃശൂര്‍ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കറിന്റെ മേല്‍നോട്ടത്തില്‍ ഗുണ്ടകള്‍ക്കെതിരെ സ്വീകരിക്കുന്ന കര്‍ശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നതെന്ന് പൊലീസ് അറിയിച്ചു. ‘ഓപ്പറേഷന് കാപ്പ’ പ്രകാരം കൂടുതല്‍ ഗുണ്ടകള്‍ക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.