Fincat

ലോകത്തിലെ ഏറ്റവും വലിയ സൗരോർജ പ്ലാന്‍റുകളിലൊന്ന് ഇനി ഖത്തറിൽ

ദോഹ: ഖത്തറില്‍ ഒരു ലോകോത്തര സൗരോർജ്ജ പ്ലാന്റ് നിർമ്മിക്കുന്നതിനായി സാംസങ് സി & ടിയുടെ എഞ്ചിനീയറിംഗ് ആൻഡ് കൺസ്ട്രക്ഷൻ ഗ്രൂപ്പുമായി കരാര്‍ ഒപ്പിട്ട് ഖത്തര്‍ എനര്‍ജി. തലസ്ഥാന നഗരിയായ ദോഹയില്‍ നിന്ന് ഏകദേശം 80 കിലോമീറ്റര്‍ പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ദുഖാനിലാണ് സൗരോര്‍ജ്ജ നിലയം നിര്‍മ്മിക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ സൗരോര്‍ജ്ജ നിലയങ്ങളില്‍ ഒന്നായിരിക്കും ദുഖാന്‍ പ്ലാന്റ്. രാജ്യത്തിന്റെ പുനരുപയോഗ ഊര്‍ജ്ജ ലക്ഷ്യങ്ങളില്‍ ഗണ്യമായ സംഭാവനയും നല്‍കും.

ദോഹയിലെ ഖത്തര്‍ എനര്‍ജി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഖത്തർ ഊര്‍ജ്ജകാര്യ സഹമന്ത്രിയും ഖത്തര്‍ എനര്‍ജി പ്രസിഡന്റും സി.ഇ.ഒയുമായ സാദ് ഷെരീദ അല്‍ കാബിയും സാംസങ് സി & ടി പ്രസിഡന്റും സി.ഇ.ഒയുമായ സെച്ചുല്‍ ഓയും പദ്ധതിക്കായി കരാറില്‍ ഒപ്പുവച്ചു. കഹ്റാമ പ്രസിഡന്റ് അബ്ദുല്ല ബിന്‍ അലി അല്‍ തിയാബും ഇരു കമ്പനികളിലെയും മുതിര്‍ന്ന എക്‌സിക്യൂട്ടീവുകളും ചടങ്ങില്‍ പങ്കെടുത്തു.

രണ്ട് ഘട്ടങ്ങളിലായായിരിക്കും ദുഖാന്‍ സോളാർ പവർ പ്ലാന്റ് പദ്ധതി വികസിപ്പിക്കുക. 2028 അവസാനത്തോടെ കഹ്‌റാമ ഗ്രിഡിലേക്ക് 1,000 മെഗാവാട്ട് വൈദ്യുതി അയച്ചുകൊണ്ട് ദുഖാൻ സോളാർ പവർ പ്ലാന്റ് ഉത്പാദനത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കും. പുതിയ പ്ലാന്റ് ഒരു സോളാർ ട്രാക്കർ സിസ്റ്റം ഉപയോഗിക്കുകയും ഉയർന്ന താപനിലയുള്ള അന്തരീക്ഷത്തിലും കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കാൻ പറ്റുന്ന ഇൻവെർട്ടറുകൾ സ്ഥാപിച്ച് കാര്യക്ഷമത വർദ്ധിപ്പിക്കുകയും ചെയ്യും.​ 2029 മധ്യത്തോടെ മൊത്തം വൈദ്യുതി ഉല്‍പാദന ശേഷി 2,000 മെഗാവാട്ട് ആയി ഉയർത്തും. പദ്ധതി പൂർണമായും പൂര്‍ത്തിയാകുമ്പോള്‍ ഖത്തറിന്റെ സൗരോര്‍ജ്ജ ഉല്‍പാദന ശേഷി ഇരട്ടിയാക്കും.
2030 ഓടെ 4,000 മെഗാവാട്ടില്‍ കൂടുതല്‍ പുനരുപയോഗ ഊര്‍ജ്ജം ഉത്പാദിപ്പിക്കുക എന്ന ഖത്തര്‍ എനര്‍ജിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നിന്റെ ഭാഗം കൂടിയാണ് ദുഖാൻ പദ്ധതി. ഇത് പൂര്‍ത്തിയാകുന്നതോടെ ദുഖാന്‍ സോളാര്‍ പവര്‍ പ്ലാന്റും അല്‍-ഖര്‍സ, മെസൈദ്, റാസ് ലഫാന്‍ സോളാര്‍ പവര്‍ പ്ലാന്റുകളും ചേര്‍ന്ന് പ്രതിവര്‍ഷം 4.7 ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഉദ്വമനം കുറയ്ക്കാന്‍ സഹായിക്കുകയും ഖത്തറിന്റെ മൊത്തം വൈദ്യുതി ആവശ്യകതയുടെ 30% വരെ സംഭാവന ചെയ്യുകയും ചെയ്യും.