Fincat

ആഗോള അയ്യപ്പ സംഗമത്തിനായി ഒരുങ്ങി പമ്പാതീരം; ഉദ്ഘാടനം രാവിലെ 10.30ന്

വിവാദങ്ങള്‍ക്കിടെ ആഗോള അയ്യപ്പ സംഗമം ഇന്ന് പമ്പാ തീരത്ത് നടക്കും. രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 3000 പ്രതിനിധികള്‍ സംഗമത്തിന്റെ ഭാഗമാകും. ശബരിമലയുടെ അടിസ്ഥാന സൗകര്യ വികസനം പ്രധാന ചര്‍ച്ചയാകും.
വിവിധ സംസ്ഥാനങ്ങളിലെ മന്ത്രിമാര്‍ക്ക് ഒപ്പം മത സമുദായ സംഘടന നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. സംഗമത്തില്‍ മൂന്ന് സെക്ഷനുകളായാണ് ചര്‍ച്ച. ശബരിമല മാസ്റ്റര്‍ പ്ലാന്‍, സ്പിരിച്ച്ചല്‍ ടൂറിസം ഗ്രൗണ്ട് മാനേജ്‌മെന്റ് എന്നിങ്ങനെയാണ് സെഷനുകള്‍. പ്രധാനമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടികെഎ നായര്‍, മുന്‍ ചീഫ് സെക്രട്ടറി ഡോക്ടര്‍ കെ ജയകുമാര്‍,മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഉള്‍പ്പെടെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.

അതേസമയം പരിപാടിയുടെ ഭാഗമായി പോലീസ് ഏര്‍പ്പെടുത്തിയ അധിക സുരക്ഷ ഇന്നലെ 12 മണിയോടെ നിലവില്‍ വന്നു. 8 സുണുകളായി തിരിച്ചാണ് സുരക്ഷ. ആയിരത്തോളം പോലീസുകാരെയാണ് സുരക്ഷ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്.

അതേസമയം ആഗോള അയ്യപ്പ സംഗമത്തിന് ബദലായി ഡല്‍ഹിയില്‍ ഹിന്ദു സംഘടന കളുടെ നേതൃത്വത്തില്‍ ഇന്ന് അയ്യപ്പ സംഗമം സംഘടിപ്പിക്കും. ഡല്‍ഹി ആര്‍ കെ പൂരം അയ്യപ്പ ക്ഷേത്രത്തില്‍ വൈകീട്ട് 5 മണിക്കാണ് പരിപാടി. ശബരിമല യുവതീപ്രവേശന വിധിയില്‍ വിയോജന വിധി എഴുതി യ സുപ്രീം കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ചടങ്ങില്‍ തിരി തെളിയിക്കും.ഡല്‍ഹി ഉപമുഖ്യമന്ത്രി പര്‍വേസ് സാഹിബ് സിംഗ് വര്‍മ, ബാന്‍സുരി സ്വരാജ് എം പി തുസങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും.ഡല്‍ഹി എന്‍ എസ് എസ്, എസ്എന്‍ഡിപി അടക്കമുള്ള സംഘടനകള്‍ സംയുക്തമായി നടത്തുന്ന പരിപാടിയില്‍ 2500 ഓളം പേര്‍ പങ്കെടുക്കുമെന്ന് സംഘടകര്‍ അറിയിച്ചു. 2018-ലെ ശബരിമല പ്രക്ഷോഭത്തില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത വ്യാജ കേസുകള്‍ പിന്‍വലിക്കണം, ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ച് സംരക്ഷിച്ചു കൊണ്ടുള്ള വികസന പരിപാടികള്‍ നടപ്പാക്കണം തുടങ്ങിയവയാണ് ബദല്‍ അയ്യപ്പ സംഗമത്തിന്റെ ആവശ്യങ്ങള്‍.