കണ്ണൂർ: പൂർണ മേല്‍വിലാസത്തില്‍ തട്ടിപ്പ് ‘സമ്മാനക്കത്തുകള്‍’ തപാലായി വീട്ടിലെത്തും. കരുതിയിരിക്കുക, കത്തിനുള്ളിലെ ക്യുആർ കോഡ് സ്കാൻ ചെയ്താല്‍ അക്കൗണ്ട് കാലിയാകും.ഡല്‍ഹിയില്‍നിന്നാണ് തട്ടിപ്പ് കത്തിന്റെ വരവ്. വിവിധ പോസ്റ്റ് ഓഫീസുകളില്‍ ഇത്തരത്തില്‍ 30 കത്തുകള്‍ എത്തിയിട്ടുണ്ട്. ഗ്രാമത്തിലെ ചെറിയ ലാൻഡ് മാർക്ക് പോലും വിലാസത്തില്‍ ഉണ്ടാകും. കത്ത് മലയാളത്തിലും ഇംഗ്ലീഷിലുമുണ്ട്. അഞ്ചു രൂപയുടെ പോസ്റ്റ് കവറിലാണ് വീട്ടിലെത്തുന്നത്. അഞ്ചുവർഷം മുൻപ് കോവിഡ് സമയത്ത് തപാലിലൂടെ ഇത്തരം തട്ടിപ്പുകള്‍ നടന്നിരുന്നു.
ഡല്‍ഹിയിലെ ഒരു സ്വകാര്യ കമ്ബനിയുടെ 20-ാം വാർഷികത്തോട് അനുബന്ധിച്ചുള്ള നറുക്കെടുപ്പ് ‘വിജയി’കള്‍ക്ക് എന്ന നിലയിലാണ് കത്ത് വന്നത്. അവർ നടത്തിയ മൊബൈല്‍നമ്ബർ നറുക്കെടുപ്പിലെ ‘വിജയിക്ക്’ 2.85 ലക്ഷം രൂപ സമ്മാനം ഉണ്ടെന്നും അത് കത്തിന്റെ മേല്വിലാസക്കാരനാണെന്നും അറിയിച്ചുകൊണ്ടാണ് കത്ത് വരുന്നത്. ഒപ്പം നാല് ഗ്രാമിന്റെ ഒരു സ്വർണമോതിരം സമ്മാനമായി ലഭിക്കുമെന്ന് വിശദീകരിക്കുന്നു.
കത്തിനൊപ്പമുള്ള സ്ക്രാച്ച് കാർഡ് ചുരണ്ടിയാല്‍ വേറെയും സമ്മാനം കിട്ടുമെന്നും അറിയിപ്പുണ്ട്. മോതിരം തപാലില്‍ വരും, പണം കിട്ടാൻ ബാങ്ക് അക്കൗണ്ടും വിവരം നല്കിയാല് മാത്രം മതി. അതിനാണ് ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടത്. എന്നാല്‍ സ്കാൻ ചെയ്താല്‍ പണി കിട്ടും. ബാങ്ക് അക്കൗണ്ട് വിവരം അടക്കം ചോർത്തപ്പെടും.
പൂർണ മേല്‍വിലാസം ചോർത്തിയെടുത്ത് ഓണ്‍ലൈൻ വ്യാപാര കമ്ബനികളുടെ പേരിലും തട്ടിപ്പ് കത്തുകള്‍ വന്നിരുന്നു. അന്ന് സ്പീഡ് പോസ്റ്റ് വഴി എത്തിയ കത്ത് നിരവധിപേരുടെ ബാങ്ക് അക്കൗണ്ടും വിവരങ്ങളും ചോർത്തിയിരുന്നു. ഉപഭോക്താവിന്റെ പൂർണ വിലാസം അടങ്ങിയ ഡേറ്റ ചോരുന്നതിന്റെ തെളിവാണ് തട്ടിപ്പുസംഘത്തിന് ലഭിക്കുന്ന ഇത്തരം പൂർണമേല്‍വിലാസം.