Fincat

സ്ത്രീകളുടെ മുഖത്ത് ഉണ്ടാകുന്ന അമിത രോമ വളർച്ച ; കാരണം എന്ത് ? അറിയാം

സ്ത്രീകൾ പൊതുവേ സൗന്ദര്യസംരക്ഷണത്തിന് വളരെ അധികം പ്രാധാന്യം നൽകുന്നവരാണ്. അത് കൊണ്ട് തന്നെ അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് മുഖത്ത് ഉണ്ടാകുന്ന അമിത രോമവളർച്ച. നിനക്ക് ആണുങ്ങളെ പോലെ മുഖം നിറയെ രോമങ്ങളാണല്ലോ എന്നുള്ള കളിയാക്കലുകൾ പലപ്പോഴും കേൾക്കാറുമുണ്ട്. ഇങ്ങനെ രോമവളർച്ച അമിതമായി മാറുന്നത് എന്തെങ്കിലും പ്രശനങ്ങൾക്ക് കാരണമാകുമോ എന്നുള്ള സംശയങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ട്.

കൗമാര പ്രായം മുതൽ സ്ത്രീകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് ഹിർസുറ്റിസം അല്ലെങ്കിൽ അമിത രോമവളർച്ച. ചിലരിൽ ഇത് പാരമ്പര്യമായി ആകാം ഉണ്ടാകുന്നത്. അങ്ങനെയുള്ള അവസ്ഥ സാധാരണമാണ്. പക്ഷേ ചിലരിൽ ഇത് പെട്ടെന്ന് ആകും പ്രകടമാവുന്നത്. ഇവരിൽ ആർത്തവ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുകയും ,ശരീരഭാരം വർധിക്കുന്നതായും ,മുഖക്കുരു , മുടികൊഴിച്ചിൽ എന്നിവ ഉണ്ടാകുന്നതായും കാണാം.

ഹോർമോൺ അസന്തുലിതാവസ്ഥയോ, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം ( PCOS ) എന്നിവയാലാകാം സ്ത്രീകളിൽ അമിത രോമവളർച്ച ഉണ്ടാകുന്നത്. ചില മരുന്നുകളുടെ ഉപയോഗവും ഹിർസുറ്റിസത്തിന് കാരണമാകാം. ഇത് മാനസികമായും ശാരീരികമായും വലിയ ബുദ്ധിമുട്ടുക്കൾ ഉണ്ടാക്കിയേക്കാം. ഈ ലക്ഷണങ്ങൾ കണ്ട് തുടങ്ങുമ്പോൾ തന്നെ ഡോക്ടറുടെ സഹായം തേടേണ്ടതാണ്.