Fincat

ഐ.എസ്.ഒ അംഗീകാരത്തില്‍ തിളങ്ങി മലപ്പുറം കുടുംബശ്രീ

പ്രവര്‍ത്തനമികവില്‍ മുന്നേറുന്ന ജില്ലയിലെ കുടുംബശ്രീക്ക് കരുത്തായി ഐ.എസ്.ഒ അംഗീകാരം. ജില്ലയിലെ 57 ഗ്രാമ സി.ഡി.എസുകളും രണ്ട് നഗര സി.ഡി.എസുകളും ഉള്‍പ്പെടെ 59 സി.ഡി.എസുകള്‍ ആണ് ആദ്യഘട്ടത്തില്‍ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ന്നത്. ജില്ലാതല ഐ.എസ്.ഒ അംഗീകാര പ്രഖ്യാപനം ഈ മാസം 26ന് രാവിലെ 10 ന് കോട്ടക്കല്‍ പി.എം. ഓഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിക്കും. കേരള കായിക,ഹജ്ജ്,വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ അംഗീകാരങ്ങള്‍ പ്രഖ്യാപിക്കും. കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എൽ.എ പരിപാടിയുടെ അധ്യക്ഷത വഹിക്കും.

ആഗോള അംഗീകാരവും, ഉള്ളതില്‍ ഏറ്റവും വ്യാപകമായി ഉപയോഗിക്കുന്നതുമായ ഗുണനിലവാര മാനദണ്ഡമാണ് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേഡൈസേഷന്‍. മികച്ച ഓഫീസ് സംവിധാനവും,സര്‍ക്കാര്‍ അംഗീകൃത ബൈലോ പ്രകാരമുള്ള പ്രവര്‍ത്തനങ്ങളുടെ സമയബന്ധിതമായ പൂര്‍ത്തീകരണവും, കാര്യക്ഷമതയും, ഗുണനിലവാരവും കാഴ്ചവച്ച സി.ഡി.എസുകള്‍ ആണ് ഐ.എസ്.ഒ അംഗീകാരത്തിന് അര്‍ഹരായത്.

ജില്ലയില്‍ മമ്പാട് ഗ്രാമ സി.ഡി.എസ് ആണ് ആദ്യമായി അംഗീകാരത്തിന് അര്‍ഹത നേടിയത്. സംസ്ഥാനത്ത് നിലവില്‍ 617 സി.ഡി.എസുകളാണ് ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടുള്ളത്. സംസ്ഥാനതല ഐ.എസ്.ഒ അംഗീകാര പ്രഖ്യാപനം കൊല്ലം ടൗണ്‍ഹാളില്‍ വച്ച് കേരള തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഇതേദിവസം തന്നെ നിര്‍വഹിക്കും.