പ്രവാസികൾക്കു മാത്രമായി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആദ്യത്തെ സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോർക്ക കെയറിന് തുടക്കം. പ്രവാസികൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്ത് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയുമാണ് വിഭാവനം ചെയ്യുന്നത്.
പ്രവാസി മലയാളികളുടെ ഏറെക്കാലത്തെ ആവശ്യമാണ് ഒടുവിൽ യാഥാർത്ഥ്യമാകുന്നത്. നോർക്കയുടെ ഐഡി കാർഡുള്ള പ്രവാസി മലയാളികളും വിദേശത്ത് പഠിക്കുന്ന കേരളീയരായ വിദ്യാർത്ഥികളുമാണ് നോർക്ക കെയറിന്‍റെ പരിധിയിൽ വരുന്നത്. ഈ പദ്ധതി പ്രകാരം അംഗങ്ങൾക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസും പത്തു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും ലഭിക്കും. മുഖ്യമന്ത്രി പദ്ധതിക്ക് തുടക്കമിട്ടു
രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ
കേരളത്തിലെ 500 ലധികം ആശുപത്രികൾ ഉൾപ്പെടെ രാജ്യത്തുടനീളം 16,000 ത്തിലധികം ആശുപത്രികളിൽ ക്യാഷ്‌ലെസ് ചികിത്സ, പദ്ധതി വഴി ഉറപ്പാക്കും. നിലവിലുള്ള ഇൻഷുറൻസ് പദ്ധതികളുമായി താരതമ്യം ചെയ്യുമ്പോൾ പ്രീമിയം നിരക്കിലുള്ള കുറവെന്നാണ് നോർക്ക വിശദീകരണം. നിലവിൽ രാജ്യത്തിനുള്ളിലെ ആശുപത്രികളിൽ മാത്രമാണ് ഈ സേവനം ലഭ്യമാകുകയെങ്കിലും, ഭാവിയിൽ ജി സി സി രാജ്യങ്ങളിലുൾപ്പെടെയുളള ആശുപത്രികളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് സർക്കാർ നീക്കം. പദ്ധതിയുടെ ഗ്ലോബൽ രജിസ്ട്രേഷനും ആരംഭിച്ചിട്ടുണ്ട്. കേരളപ്പിറവിദിനമായ നവംബര്‍ ഒന്നുമുതല്‍ പദ്ധതിയുടെ പരിരക്ഷ പ്രവാസികള്‍ക്ക് ലഭ്യമാകും.