കോഴിക്കോട്: ഡൗണ്‍ സിൻഡ്രോം ബാധിച്ച ആറാം ക്ലാസുകാരിയെ വർഷങ്ങളായി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വയോധികനായ ഓട്ടോറിക്ഷ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു.പ്രതിയുടെ ഫോണില്‍ നിന്ന് അബദ്ധത്തില്‍ മറ്റൊരാള്‍ക്ക് പോയ കോളാണ് ഈ ഞെട്ടിക്കുന്ന സംഭവം പുറത്തുകൊണ്ടുവന്നത്.
പെണ്‍കുട്ടി സ്ഥിരമായി സ്കൂളില്‍ പോയിരുന്നത് പ്രതിയുടെ ഓട്ടോറിക്ഷയിലായിരുന്നു. 2022 മുതല്‍ സ്കൂളിലേക്കുള്ള യാത്രാമധ്യേ വാഹനത്തില്‍ വെച്ച് ഇയാള്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു വരികയായിരുന്നു എന്നാണ് പരാതി.
പീഡനത്തിനിടെ പ്രതിയുടെ ഫോണില്‍ നിന്ന് അബദ്ധത്തില്‍ മറ്റൊരാളുടെ നമ്ബറിലേക്ക് കോള്‍ പോയതാണ് കേസില്‍ നിർണായകമായത്. ഫോണിന്റെ മറുതലയ്ക്കല്‍ പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട വ്യക്തി ഉടൻതന്നെ വിവരം സ്കൂള്‍ അധികൃതരെ അറിയിച്ചു. സംശയം തോന്നിയ സ്കൂള്‍ പ്രിൻസിപ്പല്‍ പോലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന്, പോലീസ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയും പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രതിയെ രാത്രിയോടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി.