Fincat

പീഡനക്കേസിലെ പ്രതി തൃശ്ശൂരില്‍ യുവതിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു


മുതുവറ : കൊച്ചി ഫ്‌ലാറ്റ് പീഡനക്കേസിലെ പ്രതിയുടെ കുത്തേറ്റ് തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് സ്വദേശിയായ യുവതിക്ക് പരിക്ക്.കൈപ്പറമ്ബ് സ്വദേശി പുലിക്കോട്ടില്‍ മാര്‍ട്ടിന്‍ ജോസഫ് (30) ആണ് യുവതിയെ കുത്തിയശേഷം രക്ഷപ്പെട്ടത്.

കോഴിക്കോട് ഭാഗത്തേക്ക് രക്ഷപ്പെട്ട ഇയാള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. മുളങ്കുന്നത്തുകാവ് സ്വദേശി മേപ്പടിവീട്ടില്‍ ശാര്‍മിള(26)യാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്. നാലുവര്‍ഷംമുമ്ബ് കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ യുവതിയെ തടങ്കലിലിട്ട് പീഡിപ്പിച്ച കേസിലെ പ്രതിയായ മാര്‍ട്ടിന് ഹൈക്കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു.

ചൊവ്വാഴ്ച രാവിലെ ഒമ്ബതോടെയായിരുന്നു സംഭവം. ഇരുവരും മുതുവറയിലുള്ള ഫ്‌ലാറ്റില്‍ ഒരുമിച്ചായിരുന്നു താമസം. കുറച്ചുനാളായി ബെംഗളൂരുവിലായിരുന്ന മാര്‍ട്ടിന്‍ രണ്ടുദിവസംമുന്‍പാണ് നാട്ടിലെത്തിയത്. അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നുണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണു സൂചന. പുറത്താണ് കുത്തേറ്റത്. യുവതിതന്നെയാണ് പോലീസില്‍ വിവരം അറിയിച്ചത്. സംഭവത്തില്‍ പേരാമംഗലം പോലീസ് കൊലപാതകശ്രമത്തിന് കേസെടുത്തു.

മുളങ്കുന്നത്തുകാവ് പോലീസ് സ്റ്റേഷനില്‍ ഇയാളുടെ പേരില്‍ നാല് കേസുകളുണ്ട്. കൊച്ചിയിലെ സംഭവത്തിനുശേഷം വീട്ടുകാരുമായി അകന്ന മാര്‍ട്ടിന് നാട്ടുകാരുമായും പറയത്തക്ക സൗഹൃദങ്ങളില്ല.

സ്ത്രീകള്‍ക്കുനേരേ മുമ്ബും അതിക്രമം

കൊച്ചി മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ യുവതിയെ തടങ്കലില്‍ പീഡിപ്പിച്ച കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ജോസഫ് പുലിക്കോട്ടിലിനെ 2021 ജൂണിലാണ് തൃശ്ശൂരില്‍നിന്ന് പിടികൂടിയത്. വീടിനടുത്തുള്ള തൃശ്ശൂര്‍, മുണ്ടൂരിലെ ചതുപ്പുപ്രദേശത്ത് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ നാട്ടുകാരും പോലീസും നടത്തിയ തിരച്ചിലിനൊടുവിലാണ് പിടികൂടിയത്.

എറണാകുളത്ത് ഫാഷന്‍ ഡിസൈനറായി ജോലിചെയ്തിരുന്ന യുവതി മാര്‍ട്ടിനൊപ്പം താമസിച്ചുവരുന്നതിനിടെയാണ് മറൈന്‍ ഡ്രൈവിലെ ഫ്‌ലാറ്റില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചത്. യുവതിയുടെ സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തിയ പ്രതി, ഫ്‌ലാറ്റിനു പുറത്തുപോകുകയോ പീഡനവിവരം പുറത്തുപറയുകയോ ചെയ്താല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇയാളുടെ കണ്ണുവെട്ടിച്ചാണ് യുവതി ഫ്‌ലാറ്റില്‍നിന്ന് രക്ഷപ്പെട്ടത്.

മാര്‍ട്ടിനെതിരേ യുവതി നല്‍കിയ പരാതിയില്‍ ആദ്യം പോലീസ് നടപടി സ്വീകരിച്ചിരുന്നില്ല. ഇതിനെതിരേ യുവതി മാധ്യമങ്ങളിലൂടെ രംഗത്തെത്തുകയും വനിതാകമ്മിഷനടക്കം പോലീസിനെ വിമര്‍ശിക്കുകയും ചെയ്തു. തുടര്‍ന്നാണ് അന്വേഷണം ഊര്‍ജിതമാക്കിയത്.

മാര്‍ട്ടിനെതിരേ മറ്റൊരു യുവതികൂടി അന്ന് പരാതിയുമായി രംഗത്തെത്തിയിരുന്നു. ഫ്‌ലാറ്റില്‍ അതിക്രമിച്ചുകയറി മാര്‍ട്ടിന്‍ ജോസഫ് മര്‍ദിച്ചെന്നായിരുന്നു ഇന്‍ഫോപാര്‍ക്കില്‍ ജോലി ചെയ്യുകയായിരുന്ന യുവതിയുടെ പരാതി.