മലപ്പുറം: മലപ്പുറത്ത് ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. രേഖ (38) ആണ് മരിച്ചത്. അരീക്കോട് വടശ്ശേരിയിൽ ഇന്ന് വൈകുന്നേരമാണ് സംഭവം. ഭർത്താവ് വെറ്റിലപ്പാറ സ്വദേശി വിപിൻദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ കഴുത്തറുത്ത നിലയിലാണ് പൊലീസ് സംഭവസ്ഥലത്തുനിന്നും കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരിക്കേറ്റ രേഖയെ പൊലീസ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടം നടത്തും. വിപിൻദാസിനെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അരീക്കോട് പൊലീസ് അന്വേഷണം ആരംഭിച്ചു.