പുണെ: ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ സ്വകാര്യ സര്‍വകലാശാലയുടെ 2.46 കോടി രൂപ കവര്‍ന്ന കേസില്‍ തെലങ്കാന സ്വദേശിയായ ഇലക്‌ട്രോണിക്സ് എഞ്ചിനീയറെ പുണെ പോലീസ് അറസ്റ്റ് ചെയ്തു.സീതയ്യ കിലാരു എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ബോംബെയിലെ (ഐഐടിബി) പ്രൊഫസറാണെന്ന വ്യാജേന ഒരാള്‍ 2.46 കോടി രൂപ തട്ടിയെടുത്തതായി കാണിച്ച് സെപ്റ്റംബര്‍ ആദ്യവാരമാണ് സര്‍വകലാശാല പോലീസില്‍ പരാതി നല്‍കിയത്.
യുകെയിലെ സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് നേടിയ എഞ്ചിനീയറാണ് പിടിയിലായ സീതയ്യ കിലാരു. ഇയാള്‍ക്ക് 34 വയസുണ്ട്. ഐഐടി ബോംബെയില്‍നിന്ന് പ്രോജക്റ്റ് നേടാന്‍ സഹായിക്കാമെന്ന് സര്‍വകലാശാലാ ഉദ്യോഗസ്ഥര്‍ക്ക് വാഗ്ദാനം നല്‍കിയാണ് സീതയ്യ തട്ടിപ്പ് നടത്തിയത്.
ഈ വര്‍ഷം ജൂലൈ 25-നും ഓഗസ്റ്റ് 26-നും ഇടയിലാണ് ഓണ്‍ലൈന്‍ തട്ടിപ്പ് നടന്നത്. ഐഐടിബി പ്രൊഫസറാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പുകാരന്‍ സര്‍വകലാശാലയില്‍നിന്ന് 2.46 കോടി രൂപ വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തെലങ്കാനയിലെ ഹൈദരാബാദിലുള്ള യാപ്രല്‍ സ്വദേശിയായ സീതയ്യ കിലാരു എന്നയാളാണ് പ്രതിയെന്ന് കണ്ടെത്തുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു.
”ഈ കേസിലെ മുഖ്യ സൂത്രധാരന്‍ സീതയ്യയാണ്, സെപ്റ്റംബര്‍ 21-ന് അറസ്റ്റ് ചെയ്തു. പ്രതി തെലങ്കാന സ്വദേശിയായ ഇലക്‌ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറും യുകെയിലെ ഒരു സര്‍വകലാശാലയില്‍നിന്ന് പിഎച്ച്‌ഡി നേടിയ ആളുമാണ്. 2020-ല്‍ യുപിഎസ്സിയുടെ പ്രിലിമിനറി, മെയിന്‍ പരീക്ഷകള്‍ പാസായിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തി.” പോലീസ് പറഞ്ഞു.
അറസ്റ്റിന് ശേഷം സീതയ്യയെ കോടതിയില്‍ ഹാജരാക്കുകയും സെപ്റ്റംബര്‍ 28 വരെ പോലീസ് കസ്റ്റഡിയില്‍ വിടുകയും ചെയ്തു.