Fincat

രാസലഹരിയുമായി യുവാവ് അറസ്റ്റിൽ;കിട്ടിയത് 8.266 ഗ്രാം മെത്താഫിറ്റാമിൻ

കണ്ണൂരിൽ രാസലഹരിയുമായി യുവാവ് അറസ്റ്റിൽ. ഇരിട്ടി നരയൻപാറ സ്വദേശി ഷമീറാണ് 8.266 ഗ്രാം മെത്താഫിറ്റാമിനുമായി പിടിയിലായത്. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ തെരൂർ – കോടോളിപ്രം ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് വെള്ളപറമ്പ എന്ന സ്ഥലത്ത് വെച്ച് ഷമീറിനെ അറസ്റ്റ് ചെയ്തത്. എക്‌സൈസ് എൻഫോഴ്സ്മെന്റ് ആന്റ് ആന്റി നർകോടിക്ക് സ്പെഷ്യൽ സ്‌ക്വാഡ് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ സിയാദ് എസ്സിന്‍റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.

വിദേശ രാജ്യങ്ങളിലെ ഫോൺ നമ്പർ ഉപയോഗിച്ചാണ് ഷമീർ ഇടപാടുകൾ നടത്തിയിരുന്നതെന്ന് എക്സൈസ് കണ്ടെത്തി. ഇയാൾ മുൻപ് കണ്ണൂരിൽ മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്. പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചവരിലേക്കും അന്വേഷണം നടത്തുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പിപി സുഹൈലിനും, പി ജലീഷിനും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതി നിരീക്ഷണത്തിൽ ആയിരുന്നു. പ്രതിയെ പിടികൂടുന്നതിൽ കേരള എടിഎസിന്‍റെ സഹായം എക്സൈസിന് ലഭിച്ചിരുന്നു.

പരിശോധനയിൽ അസിസ്റ്റന്‍റ് ഇസ്പെക്ടർ(ഗ്രേഡ്)മാരായ സന്തോഷ്‌ തൂണോളീ, അബ്ദുൽ നാസർ ആർ പി, വിനോദ് കുമാർ എം സി, പ്രിവൻറ്റീവ് ഓഫീസർ ഗ്രേഡ് സുഹൈൽ പി പി, ജലീഷ് പി അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ഡ്രൈവർ അജിത്ത് സി, സിവിൽ എക്സൈസ് ഓഫീസർ ശ്യാം രാജ്, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സീമ പി, എന്നിവരാണ് എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതിയെ മട്ടന്നൂർ ജെഎഫ്‍സിഎം കോടതിയിൽ ഹാജരാക്കും. തുടർ നടപടികൾ വടകര എൻഡിപിഎസ് കോടതിയിൽ നടക്കും.