Fincat

മരുന്നിലും കൈവച്ച് ട്രംപ്; കൂപ്പുകുത്തി ഓഹരി വിപണി

ഓഹരിവിപണിയില്‍ ഇന്നും കനത്ത ഇടിവ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ ബിഎസ്ഇ സെന്‍സെക്സ് 400 പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 24,800 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് വ്യാപാരം തുടരുന്നത്. ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പന്നങ്ങള്‍ക്ക് നൂറ് ശതമാനം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ നടപടിയാണ് ഓഹരിവിപണിയെ കൂപ്പുകുത്തിച്ചത്. 3.4 ശതമാനമാണ് ഫാര്‍മ ഓഹരികള്‍ ഇടിഞ്ഞത്.

ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, എന്നിവയാണ് നഷ്ടം നേരിട്ട മറ്റു കമ്പനികള്‍. ട്രംപിന്റെ പ്രഖ്യാപനം ഒക്ടോബര്‍ ഒന്നിനാണ് പ്രാബല്യത്തില്‍ വരുന്നത്. ഇന്ത്യയുടെ ഏറ്റവും വലിയ മരുന്ന് വിപണിയാണ് യുഎസ്. അതിനാല്‍ തന്നെ യുഎസിന്റെ തീരുവ ഉയര്‍ത്തല്‍ കനത്ത ആഘാതം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യയെ കൂടാതെ യൂറോപ്യന്‍ യൂണിയന്‍, കാനഡ എന്നിവിടങ്ങളെയും തീരുമാനം കാര്യമായി ബാധിക്കും. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ തീരുവ പ്രാബല്യത്തിലാകുന്നത്. എല്ലാ ബ്രാന്‍ഡഡ്, പേറ്റന്റ് കമ്പനി മരുന്നുകള്‍ക്കും നികുതി ബാധകമാകും.
ഐടി സെക്ടറിലും നഷ്ടം നേരിട്ടു. നിഫ്റ്റി ഐടി സൂചിക 1.3 ശതമാനമാണ് ഇടിഞ്ഞത്. ആഗോള വിപണികള്‍ നഷ്ടത്തിലാണ് എന്നതും ഇന്ത്യന്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചു. അതിനിടെ സര്‍വകാല റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചുകയറി. ഡോളറിനെതിരെ ആറു പൈസയുടെ നേട്ടത്തോടെ 88.70ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ ഒരു പൈസയുടെ നഷ്ടത്തോടെ 88.76 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണ് രൂപയുടെ മൂല്യം.

മരുന്നുകള്‍ക്ക് പുറമെ കിച്ചന്‍ കാബിനറ്റിന് 50 ശതമാനവും ഫര്‍ണിച്ചറുകള്‍ക്ക് 30 ശതമാനവും ഹെവി ട്രക്കുകള്‍ക്ക് 25 ശതമാനവും തീരുവ ചുമത്തുമെന്ന് ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ട്രംപിന്റെ പുതിയ തീരുവ പ്രഖ്യാപനം ആഗോള തലത്തില്‍തന്നെ ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം റഷ്യയില്‍ നിന്നും എണ്ണവാങ്ങുന്നുവെന്ന കാരണത്താല്‍ ഇന്ത്യക്കെതിരെ നേരത്തെ അമേരിക്ക 50 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് ട്രംപിന്റെ അടുത്ത തീരുവ പ്രഖ്യാപനം.